മുന്നിൽ പോയ ബസ്സിന്റെ ഡ്രൈവർ പിന്നാലെ വന്ന ബ്രേക്ക് പോയ ബസ്സിനെ പിന്നിലേക്ക് തള്ളി നിർത്തിച്ചു. ഒഴിവാക്കിയത് വൻദുരന്തം ..
കണമല : കുത്തിറക്കത്തിൽ ബ്രേക്ക് പോയതോടെ വൻ ദുരന്തം മുന്നിൽ കണ്ട ബസ്സിലെ തീർത്ഥാടകർ അയ്യപ്പസ്വാമിയെ വിളിച്ചു കേണപ്പോൾ, മുന്നിൽ ദൈവദൂതനെപ്പോലെയൊരാൾ അവരെ അപകടത്തിൽ നിന്നും ഒരു പോറൽ പോലും ഏൽപ്പിക്കാതെ, വളരെ സാഹസികമായി രക്ഷിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം : ബ്രേക്ക് തകരാറിൽ കണമല ഇറക്കത്തിൽ അപകടത്തിലായ ബസ് വേഗത വർധിക്കും മുമ്പ് മുൻപിൽ പോയ കെഎസ്ആർടിസി ബസ്സിന്റെ ഡ്രൈവർ അപകടം മനസ്സിലാക്കി, തന്റെ ബസ്സ് സ്ലോയാക്കി, പിന്നിൽ നിന്നും വന്ന ബസ്സിനെ പിറകോട്ട് തള്ളി നിർത്തിച്ചു. തക്ക സമയത്ത് അങ്ങനെ ചെയ്തിരുന്നില്ലെകിൽ, കുത്തിറക്കത്തിലെ വളവിൽ തീർത്ഥാടക ബസ് മറിഞ്ഞ് വൻ അപകടം സംഭവിച്ചേക്കുമായിരുന്നു .
വളവ് മറികടന്ന് എത്തിയാൽ കണമല ജങ്ഷനാണ്. ഇവിടെയും അപകടമുണ്ടാകും. ഇത് ഒഴിവാക്കാൻ കെഎസ്ആർടിസി ബസ് തടസമായി നിർത്തിയിട്ടത് മൂലം സാധ്യമായി. രണ്ടും കൽപ്പിച്ച് കെഎസ്ആർടിസി ബസ് നിർത്തിയിടാൻ ഡ്രൈവർ കാട്ടിയ തന്റേടത്തെ പോലീസും നാട്ടുകാരും അഭിനന്ദിച്ചു. ഇടിച്ചു നിന്നത് മൂലം കെഎസ്ആർടിസി ബസിന് കേടുപാടുകളുണ്ടായി. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി പോകാതിരിക്കാൻ ബ്രേക്കിട്ട് നിയന്ത്രിച്ചാണ് ബസ് നിർത്തിയിട്ടതെന്ന് ഡ്രൈവർ പറഞ്ഞു.
കേടുപാടുകൾ പരിഹരിക്കാനുള്ള തുക തീർത്ഥാടക ബസ് അധികൃതർ നൽകി നഷ്ടം പരിഹരിച്ചു. ഇറക്കത്തിൽ ബ്രേക്ക് തകരാറിലായതാണ് നിയന്ത്രണം തെറ്റുന്നതിൽ എത്തിയത്. അതീവ അപകട സാധ്യതയുള്ള അട്ടി വളവിന് മുമ്പ് പോലിസ് കൈ കാട്ടി വാഹനങ്ങൾ നിർത്തിച്ച് കോൺവെ ആയാണ് കടത്തി വിടുന്നത്. എറണാകുളത്തു നിന്നും എരുമേലി വഴി പമ്പയിലേക്ക് കണമല ഇറക്കത്തിൽ പോവുകയായിരുന്ന കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ് ബസിലെ ജീവനക്കാരാണ് അപകടത്തിലേക്ക് വന്ന ബസിനെ നിർത്താൻ ബസ് നിർത്തി സഹായിച്ചത്. തീർത്ഥാടകരുടെ ബഹളം കേട്ട് തൊട്ട് മുന്നിൽ പോയ കെ എസ് ആർ റ്റി സി ബസ് നിർത്തിക്കൊടുക്കുകയായിരുന്നു.