മണക്കാട്ട് ക്ഷേത്രത്തിൽ തീർഥാടകസേവനകേന്ദ്രവും അന്നദാനവും തുടങ്ങി
ചിറക്കടവ്: ശബരിമല തീർഥാടനപാതയിലെ ക്ഷേത്രമായ മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ദേവസ്വത്തിന്റെ തീർഥാടക സേവനകേന്ദ്രവും അന്നദാനവും തുടങ്ങി.
ദേവസ്വം പ്രസിഡൻറ് ടി.പി.രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി വി.കെ.ബാബുരാജ്, കൺവീനർ എം.എൻ.രാജരത്നം, എസ്.മിഥുൻ രാജ്, സി.എസ്.പ്രേംകുമാർ, പി.ജി.രാജു, സന്തോഷ് പുതിയത്ത്, വി.സി.ബൈജു, കെ.കെ.ചന്ദ്രശേഖരൻ, ജി.വിശ്വനാഥപിള്ള എന്നിവർ പങ്കെടുത്തു. അന്നദാനത്തിനായി തയ്യാറാക്കിയ വിഭവങ്ങൾ മേൽശാന്തി കെ.എസ്.ശങ്കരൻ നമ്പൂതിരി നിവേദിച്ചു.
അയ്യപ്പഭക്തർക്ക് വിരിവെച്ച് വിശ്രമിക്കാൻ ഓഡിറ്റോറിയം, സ്റ്റേജ്, ക്ഷേത്രമതിൽക്കകം എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. പാർക്കിങ്ങിന് ക്ഷേത്രമൈതാനം വിനിയോഗിക്കും. ഏഴ് മുറികളോടുകൂടിയ ബാത്ത്‌റൂം കോംപ്ലക്‌സിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി അയ്യപ്പൻമാർക്ക് തുറന്നുകൊടുത്തതായും ദേവസ്വം സെക്രട്ടറി വി.കെ.ബാബുരാജ് അറിയിച്ചു.
കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് അന്നദാനം, ചുക്കുകാപ്പി വിതരണം, ഔഷധക്കുടിവെള്ള വിതരണം എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകൾ തുറക്കും. സ്വന്തമായി പാചകംചെയ്യാൻ താത്പര്യമുള്ള സ്വാമിമാർക്ക് അതിന് സൗകര്യവുമുണ്ട്.