ശബരിപാത: കാഞ്ഞിരപ്പളളിയിലും എരുമേലിയിലും സ്റ്റേഷനുകൾ; പാത തിരുവന്തപുരത്തിന് നീട്ടിയേക്കും..

കാഞ്ഞിരപ്പള്ളി : കെ റെയിൽ പദ്ധതി അനിശ്ചിതത്തിലായതോടെ ശബരിപാത അതിവേഗ റെയിൽവേ ലൈൻ ആകുവാനുള്ള സാധ്യത കൂടി .
അങ്കമാലി മുതൽ എരുമേലി വരെ വിഭാവനം ചെയ്തിട്ടുള്ള പാത, തിരുവന്തപുരത്തിന് നീട്ടുവാനും സാധ്യതയുണ്ട് . അങ്ങനെ സംഭവിച്ചാൽ
നാടിന് വികസന കുതിപ്പായിരുക്കും ഉണ്ടാകുന്നത് . ശബരി പാതയ്ക്കായി റെയിൽവേ ബോർഡിന്റെ നിർദേശം അനുസരിച്ചു എസ്റ്റിമേറ്റ് പുതുക്കി നൽകുന്നതോടെ ജില്ലയുടെ കിഴക്കൻ മേഖയ്ക്കു വീണ്ടും പ്രതീക്ഷ പകരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു നിരീക്ഷിക്കുന്ന പ്രോ ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെൻേറഷൻ പദ്ധതിയിൽ (പ്രഗതി) ശബരി റെയിൽപാത നിർമാണം 5 വർഷം മുൻപ് ഉൾപ്പെടുത്തിയിരുന്നു.

പദ്ധതി ചെലവിൽ 50% സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര നിലപാടും ഇതിൽ സംസ്ഥാന സർക്കാരിന്റെ മലക്കം മറിച്ചിലുകളുമാണു പദ്ധതി അനിശ്ചിതത്വത്തിലാക്കിയത്. വൈകിയാണെങ്കിലും പകുതി ചെലവു വഹിക്കാമെന്ന സംസ്ഥാന നിലപാട് പദ്ധതിക്കു ഗുണം ചെയ്യും. അങ്കമാലി-എരുമേലി-പുനലൂർ പാതയിൽ 20 റെയിൽവേ സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

അങ്കമാലി, പുനലൂർ സ്റ്റേഷനുകൾ ഇതോടെ ജംക്‌ഷൻ സ്റ്റേഷനുകളായി മാറും. റെയിൽവേ കടന്നു ചെല്ലാത്ത കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാല), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം എന്നിവിടങ്ങളിലാണു സ്റ്റേഷനുകൾ വരിക. ഇതിൽ മൂവാറ്റുപുഴയിലും വാഴക്കുളത്തും സ്റ്റേഷനുകൾ വരുന്നതോടെ കാർഷിക മേഖലയ്ക്കും വലിയ ഉണർവായിരിക്കും ഉണ്ടാകുക. കാലടി വരെ 7 കിലോമീറ്റർ പാത നിർമാണമാണു പൂർത്തിയായത്. റെയിൽവേ ഇതുവരെ പദ്ധതിയിൽ 264 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

error: Content is protected !!