ബിഷപ്പിനെതിരെ കേസ് നിർഭാഗ്യകരം: അതൃപ്തിയുമായി കേരള കോണ്‍ഗ്രസ്
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും അക്രമ സംഭവങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരേ എല്‍.ഡി.എഫ്. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം). സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്നും കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് കരുതാനാവില്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും രാജ്യസഭാ എം.പിയുമായ ജോസ് കെ. മാണി പറഞ്ഞു.
ബിഷപ്പിനെതിരെ കേസെടുത്തതു നിര്‍ഭാഗ്യകരമെന്നും, സ്ഥലത്തില്ലാത്ത വൈദികരെ ഉള്‍പ്പെടെ പ്രതികളാക്കി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.
‘‘സമരക്കാർക്കു നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്നു കരുതാനാകില്ല. അതൊക്കെ ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ്. എടുത്ത അഞ്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാതിരുന്ന ബിഷപ്പിനെതിരെപ്പോലും കേസെടുത്തത് നിർഭാഗ്യകരമായിപ്പോയി. അതിലേക്കു പോകാൻ പാടില്ലായിരുന്നു. ഒരു പ്രത്യേക സാഹചര്യവും പ്രത്യേക മേഖലയും ആണ്. അവിടെ ചർച്ചകൾ നീണ്ടുപോകാതെ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം ’’ – ജോസ് കെ. മാണി കൂട്ടിച്ചേർത്തു.