ദൃശ്യ വിസ്മയ കാഴ്ചകളുമായി കാഞ്ഞിരപ്പള്ളിയിൽ ശാന്തിദൂത് 2k22
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽനിന്ന് കത്തീഡ്രലിലേക്ക് നടത്തിയ ശാന്തിദൂത് 2k22 മഹാറാലി കാഞ്ഞിരപ്പള്ളിയ്ക്ക് ദൃശ്യ വിസ്മയ കാഴ്ചകളൊരുക്കി.
കുതിരപ്പുറത്തേറിയ രാജാക്കന്മാരും ഒട്ടകവും കാളവണ്ടിയും കഴുതയും നൂറുകണക്കിന് ക്രിസ്മസ് പപ്പമാരും കുഞ്ഞുമാലാഖമാരും അണിനിരന്ന ശാന്തിദൂത് മഹാറാലി ദർശിക്കുവാൻ ആയിരങ്ങളാണ് ടൗണിൽ റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയത്. ക്രിസ്മസിനെ വരവേൽക്കാൻ കാഞ്ഞിരപ്പള്ളി എസ്എംവൈഎം സംഘടിപ്പിച്ച ശാന്തിദൂതിനോടനുബന്ധിച്ചാണ് പ്രതീക്ഷയുടെ സന്ദേശമോതി വ്യത്യസ്തമായ റാലി നടന്നത്.
പഴയപള്ളിയിൽനിന്ന് കത്തീഡ്രലിലേക്ക് നടത്തിയ മഹാറാലി മാർ മാത്യു അറയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ അവതരിപ്പിച്ച ക്രിസ്മസ് പ്ലോട്ടുകൾ കാഴ്ചക്കാർക്ക് ദൃശ്യവിരുന്നേകി. മഹാജൂബിലി ഹാളിൽ നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു.
കത്തീഡ്രൽ എസ്എംവൈഎം ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസ് വൈപ്പംമഠം ഒഎസ്ബി, ഫാ. ഡെന്നി കുഴുപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കത്തീഡ്രൽ ഇടവകയിലെ 250 കലാകാരൻമാരുടെ കലാസന്ധ്യയും സീ കേരളം സരിഗമ വിജയി ലിബിൻ സ്കറിയ, ഫാ. വിനിൽ കുരിശുതറ സിഎംഎഫ്, ഫാ. വിപിൻ കുരിശുതറ സിഎംഐ തുടങ്ങിയവരുടെ മ്യൂസിക് നൈറ്റും നടത്തി. രണ്ടു ദിവസമായി നടന്ന ക്രിസ്മസ് ഗ്രാമം കാണാനും ഗ്രാമങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങാനും നിരവധി പേരാണ് എത്തിയത്.