പമ്പാവാലിക്കാരുടെയും ഏയ്ഞ്ചൽ വാലിക്കാരുടെയും വനഭൂമി പ്രശ്നം നൂറുശതമാവും പരിഹരിക്കുമെന്ന് ഉറപ്പുനൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

എരുമേലി :പമ്പാവാലിക്കാരുടെയും ഏയ്ഞ്ചൽ വാലിക്കാരുടെയും വനഭൂമി പ്രശ്നം നൂറുശതമാവും പരിഹരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഉറച്ച വാക്കുകൾ പ്രദേശവാസികൾക്ക് മരുഭൂമിയിലെ കുളിർതെന്നലായി. പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന കിടപ്പാടം, അപ്രതീക്ഷിതമായി വനഭൂമിയാണെന്ന സർക്കാർ അറിയിപ്പിൽ ദുരിതത്തിലായ ഏയ്ഞ്ചൽ വാലിയിൽ എത്തിയ കെ സുരേന്ദ്രനും സംഘവും വിഷമസന്ധിയിൽപെട്ടുഴലുന്ന നാട്ടുകാരെ ആശ്വസിപ്പിച്ച് പ്രശ്നപരിഹാരം ഉറപ്പുനൽകി.

ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്ന് പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്നും എയ്ഞ്ചൽവാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഒരു ദിവസം നേരം പുലരുമ്പോൾ രണ്ട് വാർഡുകൾ പൂർണമായും വനമായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം കിട്ടിയിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളൊക്കെ എങ്ങനെയാണ് ബഫർ സോൺ വിഷയം കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടു പഠിക്കണം. സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്നും പിണറായി വിജയന് പിൻമാറേണ്ടി വന്നത് ബിജെപി കേന്ദ്രസർക്കാരിനെ കാര്യങ്ങൾ ബോധിപ്പിച്ചതു കൊണ്ടാണ്. ബഫർ സോൺ വിഷയത്തിലും ബിജെപി ശക്തമായി പോരാടുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീളദേവി, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ നോബിൾ മാത്യു, ജില്ലാ ഭാരവാഹികൾ ആയ അഖിൽ രവീന്ദ്രൻ,
കെ .ആർ സോജി ,ആർ .സി നായർ ,അനിയൻ എരുമേലി, മണ്ഡലം പ്രസിഡന്റ് റോയ് ചാക്കോ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!