പമ്പാവാലി എയ്ഞ്ചൽവാലി പ്രദേശവാസികൾക്ക് ജിയോ റ്റാഗിങ് അനുമതി നിഷേധിച്ചു; ഇനിയെന്ത് എന്നറിയാതെ ജനങ്ങൾ..
എരുമേലി പഞ്ചായത്തിലെ പമ്പാവാലി എയ്ഞ്ചൽവാലി പ്രദേശങ്ങൾ വനഭൂമി ആണെന്ന് ( P T R ന്റെ ഭാഗം ) പീരുമേട് D F O അറിയിച്ചു. ബഫർ സോണമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വ്യാഴാഴ്ച വിളിച്ചു ചേർത്ത ഗൂഗിൾ മീറ്റ് യോഗത്തിലാണ് പ്രദേശത്തെ ജനപ്രതിനിധികളോട് D F O ഇക്കാര്യം വിശദമാക്കിയത് എന്ന് എയ്ഞ്ചൽവാലി വാർഡ് മെമ്പർ മാത്യു ജോസഫ്, പമ്പാവാലി വാർഡ് മെമ്പർ
മറിയാമ്മ സണ്ണി എന്നിവർ അറിയിച്ചു. ജിയോ റ്റാഗിങ് ആപ്പിൽ കയറി വിവരങ്ങൾ ചേർക്കുവാനുള്ള ലിങ്ക് പമ്പാവാലി എയ്ഞ്ചൽവാലി പ്രദേശങ്ങൾക്ക് നൽകിയിട്ടില്ലാത്തതിനാൽ പ്രദേശവാസികൾക്ക് തങ്ങളുടെ വസ്തുക്കളുടെ വിവരങ്ങൾ ചേർക്കുവാനോ പരാതി സമർപ്പിക്കുവാനോ സാധിക്കുന്നില്ല. അതോടെ ഒരു ജനതയുടെ അതിജീവന പ്രതീക്ഷകൾക്കാണ് കനത്ത തിരിച്ചടിയേറ്റത്.
വനംവകുപ്പിന്റെ പുതിയ ഭൂപടത്തിൽ കരുതൽമേഖലയിലെ റവന്യൂഭൂമിയുമായി ബന്ധപ്പെട്ട സർവേ നമ്പറുകളും കെട്ടിടങ്ങളും മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വനഭൂമിയിലെ കെട്ടിടങ്ങളോ സർവേ പൂർത്തിയാക്കാത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങളോ പുതിയ ഭൂപടത്തിലില്ല.