എയ്ഞ്ചൽവാലിയിൽ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി വേറിട്ട ബോർഡ് സ്ഥാപിച്ചു.

കണമല : വനം വകുപ്പിന്റെ ബോർഡ് പിഴുതു മാറ്റിയ സ്ഥാനത്ത് ബഫർ സോൺ വിരുദ്ധ സമരത്തിന്റെ രണ്ടാം ഘട്ടമായി ബോർഡ് സ്ഥാപിച്ചു ജനകീയ സമരസമിതി. ഇന്നലെ വൈകുന്നേരം നടന്ന ജനകീയ പ്രകടനത്തോടെയായിരുന്നു ബോർഡ് സ്ഥാപിക്കൽ. ” പമ്പാവാലി, എയ്ഞ്ചൽവാലിയിലേക്ക് സ്വാഗതം” എന്ന ബോർഡുമായി നാട്ടുകാർ പ്രകടനമായി എത്തിയായിരുന്നു ബോർഡ് സ്ഥാപിച്ചത് .

പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കഴിഞ്ഞയിടെ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളെ വനം ആയി രേഖപ്പെടുത്തി ബഫർ സോൺ നിർണയത്തിന്റെ ഭൂപടം വന്നതോടെ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി വനം വകുപ്പിന്റെ ബോർഡ് പിഴുതു മാറ്റിയിരുന്നു. ഈ സ്ഥാനത്താണ് സ്വാഗതം എന്ന ബോർഡ് സ്ഥാപിച്ച് ഇന്നലെ സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നത്.

വനം വകുപ്പിന്റെ ബോർഡ് പിഴുതു മാറ്റി കൊണ്ടുപോയി റേഞ്ച് ഓഫിസിന് മുന്നിലിട്ട് കരി ഓയിൽ ഒഴിച്ച സംഭവത്തിൽ വാർഡ് മെമ്പർമാർ ഉൾപ്പടെ 98 പേരെ പ്രതിയാക്കിയാണ് ജാമ്യമില്ലാ വകുപ്പിട്ട് പോലിസ് കേസെടുതത്. ഇതിന് പിന്നാലെ ആണ് ഇപ്പോൾ രണ്ടാം ഘട്ട സമരത്തിന് ഇന്നലെ തുടക്കമായത്. എയ്ഞ്ചൽവാലി പള്ളിപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം കുളങ്ങരപ്പടിയിൽ സമാപിച്ചു. വാർഡ് അംഗങ്ങളായ മാത്യു ജോസഫ്, മറിയാമ്മ സണ്ണി, സമരസമിതി ഭാരവാഹി പി ജെ സെബാസ്റ്റ്യൻ, ഫാ. ജെയിംസ് കൊല്ലംപറമ്പിൽ, ഫാ. മാത്യു നിരപ്പേൽ, ജോസ് താഴത്തുപീടിക, ജോൺകുട്ടി വെൺമാന്തറ, ശശി പാറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!