കൂവപ്പള്ളി വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം ഒൻപതിന്
കാഞ്ഞിരപ്പള്ളി: സർക്കാർ ഓഫീസുകൾ കൂടുതൽ ജനോപകാരപ്രദമാക്കുകയും കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയായ കൂവപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം ഒൻപതിന് നടക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം അഞ്ചിന് കേരള റവന്യു ഭവന നിർമാണ മന്ത്രി അഡ്വ.കെ. രാജൻ നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എംപി മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, തഹസിൽദാർ കെ.എം. ജോസുകുട്ടി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസറുദീൻ , ജില്ലാ പഞ്ചായത്തംഗം
പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, പഞ്ചായത്തു പ്രസിഡന്‍റുമാരായ ഡയസ് മാത്യു കോക്കാട്ട്, കെ.ആർ. തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനൻ, ഷക്കീല നസീർ, വാർഡ് മെംബർ ബിജോജി പൊക്കാളശേരിൽ എന്നിവർ പ്രസംഗിക്കും.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നതിന്‍റെ ഭാഗമായിട്ടാണ് എം.എൽ -എയുടെ പ്രത്യേക മേൽനോട്ടത്തിൽ 44 ലക്ഷം രൂപ മുടക്കി കൂവപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചിത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഒന്നര വർഷത്തിനുള്ളിൽ പുതിയതായി നിർമിക്കുന്ന ആറ് സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ മൂന്നെണ്ണത്തിന്‍റെ പണി പൂർത്തീകരിച്ചു. ബാക്കി മൂന്ന് വില്ലേജ് ഓഫീസുകളുടെ പണി ധൃതഗതിയിൽ നടന്നുവരികയാണ്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 13 വില്ലേജ് ഓഫീസുകളിൽ 11 എണ്ണവും സ്മാർട്ട് വില്ലേജ് ഓഫീസുകളായി.
പ്രസിഡന്‍റുമാരായ ഡയസ് മാത്യു കോക്കാട്ട്, കെ.ആർ. തങ്കപ്പൻ, തഹസിൽദാർ കെ.എം. ജോസുകുട്ടി, ജോസ് കൊച്ചുപുര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.