പമ്പാവാലിയിലേക്ക് തുലാപ്പള്ളിയിൽ നിന്നും പടർന്നു ആയിരങ്ങൾ ബഫർ സോണിനെതിരെ.
കണമല : എരുമേലിയുടെ കിഴക്കൻ മേഖലയിൽ ബഫർ സോൺ വിരുദ്ധ സമരം ആളിക്കത്തുന്നു. തുടർച്ചയായ രണ്ടാം ദിവസവും ബഫർ സോണിനെതിരെ തുലാപ്പള്ളിയിൽ അണിനിരന്നത് ശക്തമായ പ്രതിക്ഷേധ നിര. ഇന്നലെ അത് എയ്ഞ്ചൽവാലിയിലേക്ക് ഒഴുകി.സ്വതന്ത്ര കർഷക സംഘടനയായ കിഫ യുടെ നേതൃത്വത്തിൽ തുലാപ്പള്ളി മുതൽ എയ്ഞ്ചൽവാലി വരെ നീണ്ട പ്രതിഷേധ റാലിയിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.
പമ്പാവാലി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുലാപ്പള്ളിയിൽ നിന്നും പടുകൂറ്റൻ റാലി എയ്ഞ്ചൽവാലിയിലേക്ക് പുറപ്പെടുകയായിരുന്നു. .എയ്ഞ്ചൽ വാലി പാലത്തിങ്കൽ റാലി സംഗമിച്ചതോടെ വൻ ജനക്കൂട്ടമായി മാറി.
തുടർന്ന് നടന്ന പ്രതിക്ഷേധ സമ്മേളനത്തിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ,ഹൈക്കോടതി അഭിഭാഷകൻ അലക്സ് എം സ്കറിയാ , മൂലക്കയം മലങ്കര പള്ളി വികാരി ഫാ.സ്കോട്ട് സ്ലീബാ, സമരസമിതി ചെയർമാൻ പി.ജെ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. പമ്പാവാലി സംരക്ഷണ സമിതി പ്രവർത്തകരായ ട്രൂലി ചുളവനാക്കുഴി, ബിജു പുള്ളോലി, ജിനോഷ് വേങ്ങത്താനം സോമിറ്റ് ,സിബി, അനീഷ് റാലിക്ക് നേതൃത്വം നൽകി.