എരുമേലി ചന്ദനക്കുട ആഘോഷം ജനുവരി പത്തിന്
എരുമേലി : അയ്യപ്പ ഭക്തർക്ക് എരുമേലി പകരുന്ന സ്നേഹാഭിവാദ്യമായ ചന്ദനക്കുട ആഘോഷം ജനുവരി പത്തിന്. കഴിഞ്ഞ വർഷങ്ങളിൽ വിവിധ കാരണങ്ങളാൽ ആഘോഷ നിയന്ത്രണങ്ങൾ മൂലം നിറം മങ്ങിപ്പോയ നാടിന്റെ ചന്ദനക്കുടാഘോഷം ഇത്തവണ വിപുലമായ നിലയിൽ വർണശബളമായി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നൈനാർ മസ്ജിദിന് മുന്നിൽ നിന്നും വൈകിട്ട് ആറരയ്ക്ക് പൊതുസമ്മേളനത്തോടെ ചന്ദനക്കുട ഘോഷയാത്രയ്ക്ക് തുടക്കമാകും. മന്ത്രി വി. എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും
നൂറുകണക്കിന് വർണ ബൾബുകളുടെ വെളിച്ചത്തിൽ രാത്രിയിലെ മനോഹര കാഴ്ചയായി മാറിയിരിക്കുകയാണ് പേട്ടക്കവലയിൽ മുസ്ലിം പള്ളിയും ക്ഷേത്രവും. വൈദ്യുതി ദീപങ്ങളുടെ പ്രഭയോടെ പരസ്പരം നോക്കി നിൽക്കുന്ന മത മൈത്രിയുടെ ഈ പൂരകാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്.
നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ മൂന്ന് വർഷം ചടങ്ങ് മാത്രമാക്കിയാണ് ആഘോഷം നടത്തിയത്. നഷ്‌ടമായ പഴയ ആരവങ്ങളുടെ രാവ് ഇത്തവണ തിരികെ എത്തുകയാണ്. രാത്രി പുലരും വരെ നാട് ഉറക്കമൊഴിച്ച് ആഘോഷത്തിന്റെ ആരവങ്ങളിലാകും. മുസ്ലിം പള്ളിയിൽ നിന്നുമെത്തുന്ന ഘോഷയാത്ര ക്ഷേത്രങ്ങളിൽ ചുറ്റി നാടിന്റെ സ്വീകരണങ്ങളിലേക്ക് എത്തി മടങ്ങുമ്പോൾ നേരം പുലരും. ഉറക്കം മറന്ന് പിറ്റേന്ന് പേട്ടതുള്ളലിലാകും നാട്.
പത്തിന് വൈകുന്നേരം നാലരയ്ക്ക് സൗഹൃദ സംഗമത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകുമെന്ന് നൈനാർ ജുമാ മസ്ജിദ് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു. ജമാഅത്ത് ഹാളിൽ നടക്കുന്ന സൗഹൃദ സമ്മേളനത്തിൽ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ പ്രതിനിധികളും വിവിധ മത സംഘടനകളുടെ ഭാരവാഹികളും അതിഥികളായി പങ്കെടുക്കും. ദേവസ്വം ബോർഡ് അംഗം എസ് എസ് ജീവൻ ഉദ്ഘാടനം ചെയ്യും. പന്തളം രാജ പ്രതിനിധി ശ്രീമൂലം തിരുനാൾ പി ജി ശശികുമാർ വർമ,റവ .ഫാ. തോമസ് മതിലകത്ത് , ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ സി സുനിൽ, അമ്പലപ്പുഴ പെട്ടപെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ള തുടങ്ങിയവർ പ്രസംഗിക്കും.
നൈനാർ മസ്ജിദിന് മുന്നിൽ നിന്നും വൈകിട്ട് ആറരയ്ക്ക് പൊതുസമ്മേളനത്തോടെ ചന്ദനക്കുട ഘോഷയാത്രയ്ക്ക് തുടക്കമാകും. മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ് അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ, കോട്ടയം, പത്തനംതിട്ട കളക്ടർമാരായ പി കെ ജയശ്രീ, ദിവ്യ എസ് അയ്യർ, എസ് പി കെ കാർത്തിക്ക്, സബ് കളക്ടർ സഫ്ന നസറുദീൻ, പിഎസ്‌സി അംഗം പി കെ വിജയകുമാർ, എരുമേലി അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ,
എൻഎസ്എസ് ബോർഡ് അംഗം എം എസ് മോഹൻ, എസ്എൻഡിപി യൂണിയൻ കൺവീനർ അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ, കെ ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ജെസ്‌ന, ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.
സമ്മേളനത്തിന് ശേഷം പുറപ്പെടുന്ന ഘോഷയാത്രയിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ , ചെണ്ടമേളം ,ശിങ്കാരിമേളം, ബാൻഡ് മേളം ,കുട്ടകാവടിയാട്ടം .കരകാട്ടം എന്നിവയും ഉലക്ക ഡാൻസ് ,മുറം ഡാൻസ് ,കുടം ഡാൻസ് , മ്യൂസിക്കൽ ഫ്യൂഷൻ എന്നിവയുമുണ്ടാകും.