എരുമേലിയിൽ ആഘോഷമായി ചന്ദനക്കുടം മഹോത്സവം
എരുമേലി : രാത്രിയെ പകലാക്കി എരുമേലി പട്ടണത്തിൽ. ഒരുമയുടെ ചന്തമേകിയ ചന്ദനക്കുടാഘോഷം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. ഇന്നലെ രാത്രി എഴ് മണിയോടെ ഘോഷയാത്രക്ക് പച്ചക്കൊടി വീശി ഉദ്ഘടാനം നിർവഹിച്ച സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ചന്ദനക്കുടം മഹോത്സത്തിന് ആവേശോജ്ജ്വല തുടക്കം കുറിച്ചു.
മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ചന്ദനക്കുടം മഹോത്സവം എരുമേലിയിൽ വലിയ ആഘോഷമായാണ് നടന്നത്. . രാത്രിയെ പകലാക്കി ആനകളുടെ അകമ്പടിയോടെ നടന്ന ചന്ദനക്കുടം മഹോത്സവം കാണാൻ ആയിരക്കണക്കിനാളുകൾ തെരുവോരങ്ങളിൽ തിങ്ങിനിറഞ്ഞു. ചെണ്ടമേളം, ശിങ്കാരിമേളം, കൊട്ടക്കാവടി, കരകാട്ടം തുടങ്ങി വിവിധ കലാപരിപാടികൾ ഘോഷയാത്രക്ക് മികവേകി. ബുധനാഴ്ച നടക്കുന്ന പേട്ടതുള്ളലിനോട് മുന്നോടിയായി എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് ചന്ദനക്കുടം നടത്തുന്നത്.
വൈകീട്ട് 6.30ന് പൊതുസമ്മേളനം ഉദ്ഘാടനവും ചന്ദനക്കുട ഘോഷയാത്രയുടെ ഫ്ലാഗ് ഓഫും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് ടി. അനന്തഗോപൻ, പി.എസ്.സി അംഗം പി.കെ വിജയകുമാർ, പത്തനംതിട്ട കലക്ടർ ദിവ്യ എസ്. അയ്യർ, കോട്ടയം സബ് കലക്ടർ സഫ്ന നസറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ഐ. അജി, നാസർ പനച്ചി, പി.എ. ഷാനവാസ്, ജെസ്ന നജീബ് തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി സി.എ.എം. കരീം സ്വാഗതവും ജോ. സെക്രട്ടറി പി.എ. നിസാർ പ്ലാമൂട്ടിൽ നന്ദിയും പറഞ്ഞു.
7.30ഓടെ എരുമേലി നൈനാർ ജുമാമസ്ജിദ് അങ്കണത്തിൽനിന്ന് ആരംഭിച്ച ചന്ദനക്കുട ഘോഷയാത്രക്ക് കൊച്ചമ്പലത്തിൽ സ്വീകരണം നൽകി. തുടർന്ന് ചരള, കരിങ്കല്ലുംമൂഴി, കൊരട്ടി ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണം ഏറ്റുവാങ്ങി.
ബുധനാഴ്ച പുലർച്ച മൂന്നോടെ പള്ളി അങ്കണത്തിൽ തിരിച്ചെത്തിയതോടെ ചന്ദനക്കുട ഘോഷയാത്രക്ക് കൊടിയിറങ്ങി. ജമാഅത്ത് ഭാരവാഹികളായ പ്രസിഡന്റ് പി.എ. ഇർഷാദ്, സെക്രട്ടറി സി.എ.എം. കരീം, ട്രഷറർ സി.യു. അബ്ദുൽ കരീം, വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ കരീം വെട്ടിയാനിക്കൽ, ജോ. സെക്രട്ടറി പി.എ. നിസാർ പ്ലാമൂട്ടിൽ, അൻസാരി പാടിക്കൽ, എം.ഇ. ഫൈസൽ മാവുങ്കൽ പുരയിടം, ഷിഹാബ് പുതുപ്പറമ്പിൽ, അജ്മൽ അഷറഫ് വിലങ്ങുപാറ, അഡ്വ. പി.എച്ച്. ഷാജഹാൻ, നൈസാം പി. അഷറഫ്, നാസർ പനച്ചി, നൗഷാദ് കുറുങ്കാട്ടിൽ, സലീം കണ്ണങ്കര, മിഥിലാജ് പുത്തൻവീട് എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.