മതമൈത്രിയുടെ ഉദാത്ത മാതൃകയായ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ദൃശ്യങ്ങൾ
എരുമേലി : ആയിരങ്ങളെ സാക്ഷിനിർത്തി മതമൈത്രിയുടെ മണ്ണായ എരുമേലിയിൽ ചരിത്രപ്രസിദ്ധമായ പേട്ടതുള്ളൽ നടന്നു. കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളക്കുശേഷം , പൂർണ്ണതോതിൽ നടന്ന ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ നേരിൽ കാണാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പട്ടണത്തിൽ എത്തിയിരുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘവും , പിതൃസ്ഥാനീയരായ ആലങ്ങാട് സംഘം പതിവുപോലെ വെവ്വേറെയാണ് പേട്ടതുള്ളിയത്.
അയ്യപ്പൻ അവതാര ലക്ഷ്യമായ മഹിഷീ നിഗ്രഹം നടത്തിയതിന്റെ സ്മരണ പുതുക്കി നടന്ന പേട്ടകെട്ട് ചടങ്ങിൽ, രാവിലെ 200 പേരടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലും, ഉച്ചയ്ക്ക് ശേഷം 250 പേരടങ്ങുന്ന ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലും നടന്നു.
ആചാരപ്പെരുമയോടെ, ശരണമന്ത്രങ്ങൾ മുഴക്കി, വർണങ്ങൾ വാരിവിതറി അമ്പലപ്പുഴ സംഘവും താളാത്മകമായ നൃത്തച്ചുവടുകളുമായി ആലങ്ങാട്ട് സംഘവും പേട്ടതുള്ളിയപ്പോൾ, അയ്യപ്പ സ്തുതികൾ നിറഞ്ഞ അന്തരീക്ഷത്തിൽ, സാക്ഷികളായി ഏരുമേലി പട്ടണത്തിൽ , പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ, തിങ്ങിനിറഞ്ഞ ആയിരങ്ങൾ ഭക്തിയോടെ ശരണ മന്ത്രങ്ങൾ ഏറ്റുചൊല്ലി.
ധനുരാശിയിൽ ഉദിച്ചുയർന്ന സൂരന്റെ പൊൻകിരണങ്ങൾ പതിഞ്ഞ നീലാകാശത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ ഗരുഡന്റെ രൂപത്തിൽ എരുമേലിയിൽ എത്തി വട്ടമിട്ട് പറന്നു അനുഗ്രഹം ചൊരിഞ്ഞതിന് ശേഷമാണ് സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള ഗുരുസ്വാമിയുടെ നേതൃത്വത്തിൽ പേട്ടതുള്ളൽ ആരംഭിച്ചത് . ചുട്ടുപഴുത്ത ഭൂമിയെയും ആകാശത്തെയും സാക്ഷിയാക്കി ആകാശ നെറുകയിൽ വെള്ളിനക്ഷത്രം തെളിഞ്ഞതോടെയാണ് രണ്ടാമത്തെ സംഘമായ ആലങ്ങാട്ടു ദേശക്കാരുടെ പേട്ടതുള്ളൽ ആരംഭിച്ചത്
അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളിയത്. ഉച്ചക്ക് 12 മണിയോടെ ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് പ്രത്യക്ഷപ്പെട്ടതോടെ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് പേട്ടതുള്ളിയിറങ്ങി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ഉച്ചപൂജയ്ക്ക് ശേഷം അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ കൃഷ്ണപരുന്തിലേറി എരുമേലിയിൽ എത്തുന്നതായാണ് വിശ്വാസം. ഗജവീരൻ തൃക്കടവൂർ ശിവരാജുവാണ് ഭഗവാന്റെ തിടമ്പേറ്റിയത്.
ദേഹമാസകലം വിവിധതരം ചായം പൂശിയും ഇലകൾ കൊണ്ട് വീശിയും വാദ്യമേള കൊഴുപ്പിന്റെ അകമ്പടിയോടെയാണ് ആദ്യത്തെ സംഘമായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ ആരംഭിച്ചത് . അയ്യപ്പ തിന്തക തോം തോം , സ്വാമി തിന്തകത്തോം തോം , എന്ന ശരണമന്ത്ര ധ്വനികൾ ഏറ്റുപാടി ഇവർക്കൊർപ്പം ആയിരങ്ങൾ പേട്ടതുള്ളി .
നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ, വർണങ്ങൾ വാരിവിതറി നൈനാർ പള്ളിയിൽ എത്തിയ സംഘത്തെ ജമാഅത്തിന്റെ നേതൃത്വത്തിൽ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയെ ജമാ അത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ചു സ്വീകരിച്ചു.
നൈനാർ പള്ളിയിൽ നിന്നുയർന്ന ബാങ്ക് വിളിയും ശരണമന്ത്രവും എരുമേലിയെ മാനവ മൈത്രിയുടെ സംഗമ കേന്ദ്രമാക്കി. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരൻമാർ ഉൾപ്പെടെ, പേട്ടതുള്ളൽ സംഘം നൈനാർ പള്ളിയ്ക്ക് പ്രദിക്ഷണം വച്ചത് മതമൈത്രിയുടെ മകുടോദാഹരണമായി.
പള്ളിയിൽ നിന്നും വാവരുടെ പ്രതിനിധിയായി ടി. എച്ച്. ആസാദ് താഴത്തുവീട്ടിൽ അമ്പലപ്പുഴ സംഘത്തിനൊപ്പം ചേർന്നു വലിയമ്പലത്തിലേക്ക് നീങ്ങി. പാണ്ടിമേളവും, പഞ്ചാരിമേളവും, നാഗസ്വരവും മേളയ്ക്ക് കൊഴുപ്പേകി.
ശരീരമാസകലം കളഭ ചന്ദനം വാരിത്തേച്ച്, ഉടുക്കു പാട്ടിന്റെ താളത്തിനൊത്ത്, നൃത്തം ചെയ്താണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘം പെരിയോൻ അമ്പാട്ട് വിജയകുമാറിന്റെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കൊച്ചമ്പലത്തിൽ നിന്നും പേട്ട തുള്ളൽ ആരംഭിച്ചത്
പകൽ വെളിച്ചത്തിൽ നക്ഷത്രത്തെ കണ്ടതോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുള്ളൽ കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ചത്.
അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരുസ്വാമിയും വലിയമ്പലത്തിലേക്ക് പോയെന്ന വിശ്വാസത്താൽ ആലങ്ങാട്ടു സംഘം പള്ളിയിൽ കയറാതെ കൊച്ചമ്പലത്തിൽ നിന്നും നേരെ വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോവുകയായിരുന്നു . ഗജവീരന്മാരുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ്, താളാത്മക നൃത്ത ചുവടുകളോടെയുള്ള ആലങ്ങാട് സംഘംത്തിന്റെ, പേട്ടതുള്ളൽ നടന്നത്. ചെണ്ട, ഉടുക്ക്, ചിന്ത്, നാഗസ്വരം, കാവടി, കൊടി , കോമരങ്ങൾ, വാദ്യമേളങ്ങൾ എന്നിവ പേട്ടയ്ക്ക് കൊഴുപ്പേകി.
ഇരു സംഘങ്ങളുടെയും പേട്ടതുള്ളലിന് വിവിധ സ്ഥലങ്ങളിൽ ഭക്ത്യാദരപൂർവ്വമായ സ്വീകരണമാണ് നൽകിയത് . പേട്ടതുള്ളൽ സമാപിക്കുന്ന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിയ പേട്ട സംഘങ്ങളെ ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി പൂർണ്ണകുംഭം നൽകിയാണ് എതിരേറ്റത്. തുടർന്ന് ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം, അയ്യപ്പ സാന്നിധ്യമുള്ള ഗോളക ധർമ്മശാസ്താവിന് ചാർത്തി, ദീപാരാധനയോടെ പേട്ട ഉത്സവത്തിന് പരിസമാപ്തിയായി.