പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് രാജിവെച്ചു; ഇനി ബ്ലോക്ക് പഞ്ചായത്ത്..

പാറത്തോട്: മുന്നണി ധാരണപ്രകാരം പാറത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിലെ ഡയസ് മാത്യു കോക്കാട്ട് രാജിവച്ചു. എൽ.ഡി.എഫിലെ ധാരണപ്രകാരം അടുത്ത ഒരു വർഷം സി.പി.ഐക്കാണ് പ്രസിഡന്റ് സ്ഥാനം.

രണ്ട് വർഷം പ്രസിഡന്റ് സ്ഥാനം നിശ്ചയിച്ചിരുന്ന കേരള കോൺഗ്രസി(എം)-ന്റെ കാലാവധി ഡിസംബറിൽ പൂർത്തിയായിരുന്നു. രാജി വൈകുന്നതിൽ സി.പി.ഐ. പരസ്യമായി രംഗത്തെത്തിയിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് ഡയസ് കോക്കാട്ട് രാജി സമർപ്പിച്ചത്. മാർച്ച് 21-നാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനമേറ്റത്. കേരള കോൺഗ്രസ് എമ്മിന് ലഭിച്ച രണ്ട് വർഷത്തിൽ ആദ്യ ടേമിൽ ജോണിക്കുട്ടി മഠത്തിനകത്തിനായിരുന്നു പ്രസിഡന്റ് സ്ഥാനം.

ഒരു വർഷവും രണ്ട് മാസവും പ്രസിഡന്റ് സ്ഥാനത്തിരുന്ന ശേഷമാണ് ജോണിക്കുട്ടി മഠത്തിനകം രാജിവെച്ചത്.

ഭരണസമിതിയുടെ അവശേഷിക്കുന്ന കാലയളവിൽ ആദ്യത്തെ ഒരു വർഷം സി.പി.ഐ.യ്ക്കും രണ്ട് വർഷം സി.പി.എമ്മിനുമാണ്. എന്നാൽ സി.പി.എമ്മിന് ലഭിച്ചിരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേരള കോൺഗ്രസ് (എം) രാജി വൈകിപ്പിച്ചത്. വരും ദിവസങ്ങളിൽ വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്ന് കേരള കോൺഗ്രസ് (എം) നേതൃത്വംപറയുന്നു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടിരുന്നു.
ധാരണപ്രകാരം തങ്ങൾക്കാണ് അടുത്ത രണ്ട് വർഷത്തേക്ക് പ്രസിഡന്റ് സ്ഥാനമെന്നാണ് അവർ പറയുന്നത്.

നിലവിൽ കേരള കോൺഗ്രസ് എമ്മിലെ മണ്ണാർക്കയം ഡിവിഷനംഗം ജോളി മടുക്കക്കുഴിയാണ് വൈസ് പ്രസിഡന്റ്.
എൽ.ഡി.എഫ്. ആവശ്യപ്പെട്ടാൽ രാജി വെക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലെ അജിത രതീഷാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
അവസാനത്തെ ഒരു വർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നൽകണമെന്നാണ് ധാരണയെന്നും പാർട്ടി നേതൃത്വം പറഞ്ഞു.

error: Content is protected !!