വനമേഖല ഒഴിവാക്കാൻ സർക്കാർ തീരുമാനം ; ആശ്വാസത്തോടെ പമ്പാവാലിയും എയ്ഞ്ചല്‍വാലിയും.
കണമല : ആശങ്കയുടെ കാർമേഘം ഭാഗികമായി ഒഴിവായി . പമ്പാവാലിയും എയ്ഞ്ചല്‍വാലി നിവാസികൾക്ക് താത്കാലിക ആശ്വാസ ദിനം .
വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിൽ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെയും ഒപ്പം തട്ടേക്കാട് പക്ഷിസങ്കേതത്തെയും വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള സുപ്രധാന തീരുമാനമാണ് കൈക്കൊണ്ടത്. ഇനി ഈ തീരുമാനം സുപ്രീം കോടതി കൂടി ശരി വെച്ചാൽ നാട്ടുകാർക്ക് ശരിക്കും ആശ്വസിക്കാം.
ബഫർ സോൺ നിർണയത്തിന്റെ ഭാഗമായി കഴിഞ്ഞയിടെ വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടങ്ങളിൽ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ ആദ്യം ബഫർ സോണിലും തുടർന്നുള്ള ഭൂപടങ്ങളിൽ വനവുമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായി വന്യ ജീവി ബോർഡിന്റെ യോഗം ചേർന്നത്.
ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായി ചേർന്ന ഈ യോഗത്തിലാണ് പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ ജനവാസ മേഖലയിൽ ആക്കി പുതുക്കിയ റിപ്പോർട്ട് നൽകാൻ തീരുമാനമായത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് 1978-ലും തട്ടേക്കാട് പക്ഷി സങ്കേതം 1983-ലും ആണ് രൂപീകൃതമായത്. യോഗത്തില്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍, പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ് തുടങ്ങി ബോര്‍ഡ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.