കാഞ്ഞിരപ്പള്ളി താലൂക്കിൽ കനത്ത മഴ; പകൽചൂടിനു ശമനമായി..
കാഞ്ഞിരപ്പള്ളി: കനത്ത പകൽചൂടിനു ശമനമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളിയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തു. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കനത്ത മഴ പെയ്തത്. ഇടയ്ക്കിടെ ഇടിമിന്നലും ഉണ്ടായി.
ഒന്നര മാസത്തിനു ശേഷമാണു മേഖലയിൽ മഴ ലഭിക്കുന്നത്. കനത്തചൂടിൽ ജലസ്രോതസുകൾ മിക്കതും വറ്റിവരണ്ടിരുന്നു. ജലസേചന സൗകര്യം ഇല്ലാത്ത മേഖലകളിൽ വാഴ ഉൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി ഉണങ്ങി തുടങ്ങിയിരുന്നു. വേനൽ മഴ ലഭിച്ചത് കൃഷിക്ക് ആശ്വാസമാണ്. പുല്ല് ഉണങ്ങിയത് ക്ഷീര കർഷകരെയും വലച്ചിരുന്നു. വേനൽമഴ ലഭിക്കുന്നത് പുല്ല് വളരാൻ കാരണമാകുമെന്നും കന്നുകാലികൾക്ക് അനുഗ്രഹമാകുമെന്നും കർഷകർ പറയുന്നു
ഇനിയുള്ള ദിവസങ്ങളിൽ കപ്പ, വാഴ, ഇതര കൃഷികൾ എന്നിവ തുടങ്ങാൻ വേനൽമഴ കാരണമായി.