ബഫർസോൺ വിഷയത്തിൽ എയ്ഞ്ചൽ വാലിയിൽ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ ഉപവാസ സത്യാഗ്രഹ സമരം 27 ന്
കാഞ്ഞിരപ്പള്ളി: എയ്ഞ്ചൽ വാലി മേഖലയിലെ ജനങ്ങൾക്കൊപ്പം ജനുവരി 27ന് ഉപവാസ സത്യാഗ്രഹ സമരം നടത്തുമെന്ന് ആന്റോ ആന്റണി എം പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏയ്ഞ്ചൽ വാലിയിലെ കർഷകർ സമാധാനപൂർണമായി നടത്തിയ സമരത്തിൽ 70 ഓളം ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും വനം -റവന്യു വകുപ്പുകളുടെ സംയുക്ത സർവ്വേ പൂർത്തീകരിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പേരിൽ കൂട്ടി കരം തീർത്ത് കരം അടച്ചു കൊണ്ടിരിയ്ക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഭൂമിയിൽ മേലുള്ള പൂർണമായ അവകാശം പുന:സ്ഥാപിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുമാണ് ഉപവാസ സമരം നടത്തുന്നതെന്ന് എം പി പറഞ്ഞു.
27-ാം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന ഉപവാസ സത്യാഗ്രഹ സമരം പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ കർഷകൻ 90 വയസുള്ള എബ്രഹാം ജോസഫ് കല്ലേക്കുളം ഉദ്ഘാടനം ചെയ്യുമെന്നും കേസിൽ പ്രതികളായി ചേർക്കപ്പെട്ട 70 കർഷകരും അവരുടെ കുടുംബാംഗങ്ങളും തന്നോടൊപ്പം ഉപവാസ സത്യാഗ്രഹ സമരത്തിൽ പങ്കാളികളാകുമെന്നും എം പി അറിയിച്ചു.വൈകുന്നേരം നടക്കുന്ന ഉപവാസ സത്യാഗ്രഹ സമര സമാപന സമ്മേളനം മുൻ കെ പി സി സി പ്രസിഡൻ്റ് കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും.ഡീൻ കുര്യാക്കോസ് എം പി, മോൻസ് ജോസഫ് എം എൽ എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, രാഷ്ട്രീയ കാര്യസമിതിയംഗം കെ സി ജോസഫ്, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എ സലീം,കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, പത്തനംതിട്ട ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ യു ഡി എഫ് നേതാക്കളും പങ്കെടുക്കുമെന്നും എം പി പറഞ്ഞു. പത്ര സമ്മേളനത്തിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി.എ. ഷെമീർ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ അഭിലാക്ഷ് ചന്ദ്രൻ , മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ എന്നിവർ പങ്കെടുത്തു.