കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി; പുതിയ കെട്ടിടം മാർച്ചിൽ പ്രവർത്തനമാരംഭിക്കും
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം മാർച്ച് മാസത്തിനുള്ളിൽ തുറന്നു നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷനടക്കം പ്രശ്നത്തിൽ ഇടപെട്ട സാഹചര്യത്തിൽ എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് കെട്ടിടം തുറന്നു നൽകാനാണ് അധികൃതരുടെ തീരുമാനം.
എട്ടു വർഷമായിട്ടും പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടത്തിന്റെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ആരോഗ്യവകുപ്പിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മാർച്ചിനുള്ളിൽ കെട്ടിടം തുറന്നു നൽകാൻ ശ്രമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നിലവിൽ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
ആശുപത്രിക്കു വേണ്ടി 14.80 കോടി മുടക്കി അഞ്ചു നിലകളായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുഴുവൻ നിർമാണ പ്രവൃത്തികളും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറാൻ കഴിയുന്ന തീയതി അറിയിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം ഉൾപ്പെടെ പല കെട്ടിടങ്ങളിലായാണ് ഇപ്പോൾ ജനറൽ ആശുപത്രി പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമാണം തുടങ്ങിയിട്ട് എട്ടു വർഷമായിട്ടും ഇനിയും പ്രവർത്തനസജ്ജമായിട്ടില്ല. നിർമാണം പൂർത്തിയാക്കിയ ശേഷമുള്ള പരിപാലന കാലാവധി അവസാനിക്കാൻ ഇനി ഒരു വർഷവും എട്ടു മാസവും കൂടിയാണ് ബാക്കിയുള്ളത്. 2024 ഒക്ടോബർ 31 വരെയാണ് പരിപാലന കാലാവധി.
ആദ്യ ഘട്ടത്തിൽ 4.80 കോടി രൂപ മുടക്കി 80,000 ചതുരശ്ര അടി വിസ്തീർണമുള്ള അഞ്ചു നില കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമിച്ച് ഭിത്തികളും കെട്ടിയിരുന്നു. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് പത്തര കോടി രൂപ കൂടി അനുവദിച്ചു. ഈ തുക ലഭ്യമായതോടെയാണ് ഭിത്തികൾ പ്ലാസ്റ്ററിംഗ് ചെയ്തത്. തുടർന്ന് ലിഫ്റ്റ് സ്ഥാപിച്ചു. വൈദ്യുതീകരണ ജോലികളും പൂർത്തിയാക്കി. തറയിൽ ടൈൽ പാകി. ഇനിയുള്ളതു ജലവിതരണ സംവിധാനം, മലിനജലം പുറന്തള്ളുന്നതിനുള്ള സൗകര്യം, അഗ്നി സുരക്ഷാ സംവിധാനം, ആശുപത്രി ഉപകരണങ്ങൾ എന്നിവ ഒരുക്കലാണ്.