‘കരുണ’ ഫ്രെയിമിലാക്കി ഗോപു നേടി
വാഴൂർ : അഭിനയത്തിൽ ഹരംകയറിയ പയ്യൻ ക്യാമറയും കൈയിലെടുത്ത് അതിലും മിന്നിച്ചു. ഇപ്പോൾ സർവകലാശാലാ കലോത്സവത്തിൽ ഫോട്ടോഗ്രാഫിയിൽ ഒന്നാം സ്ഥാനവും. വാഴൂർ തീർഥപാദപുരം കൃഷ്ണവിലാസം വീട്ടിൽ എച്ച്.ഗോപുകൃഷ്ണ എറണാകുളം സെയ്ന്റ് ആർബർട്സ് കോളേജ് വിദ്യാർഥിയാണ്.
‘കരുണ’ എന്നതായിരുന്നു കലോത്സവ ഫോട്ടോഗ്രാഫി മത്സര വിഷയം. 120-കുട്ടികൾ മത്‌സരിച്ചു. എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ കളിപ്പാട്ടക്കടയ്ക്ക് മുന്നിൽനിന്ന കുട്ടിയുടെ കണ്ണിൽ വിരിഞ്ഞ വികാരവും, ബോട്ടു ജെട്ടിക്ക് സമീപംനിന്ന അമ്മൂമ്മയുടെ കൈയിൽ ഒതുങ്ങിയ കുഞ്ഞിന്റെ കൈയും, ഹോട്ടലിനു മുമ്പിൽ ലോട്ടറി വിൽപ്പനയ്‌ക്കെത്തിയ അമ്മൂമ്മയുടെ ദൃശ്യവുമാണ് ഗോപുകൃഷ്ണയെ ഒന്നാമതെത്തിച്ചത്.
ഒന്നാം വർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർഥിയായ ഗോപുകൃഷ്ണൻ ഇക്കാക്ക, ആരോട്പറയാൻ ആര് കേൾക്കാൻ, കാഥികൻ, ക്ലാസ് എന്നീ നാല് സിനിമകളിലും നിരവധി ടെലിഫിലിമുകളിലും അഭിനിയിച്ചിരുന്നു. അവിടെ ചിത്രീകരണം കണ്ടും കേട്ടുമാണ് ഗോപുവിന് ക്യാമറയോടുള്ള അതിയായ കമ്പം അങ്ങനെയാണ് മനസ്സിൽ കയറിയത്.
സ്‌കൂൾ യുവജനോത്സവവേദികളിൽ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ മോണോ ആക്ട്, നാടകം എന്നീ മത്സരങ്ങളിൽ പല തവണ പങ്കെടുത്തിട്ടുണ്ട്. സ്‌കൂൾ യുവജനോത്സവത്തിൽ മുമ്പ് മികച്ച നാടകനടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചെറുവള്ളി എസ്.സി.ടി.എം., ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്., ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്. എന്നീ സ്‌കൂളുകളിൽ പഠിക്കുമ്പോൾ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടി.
ഈ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും സഹപാഠികളും നൽകിയ പ്രചോദനമാണ് ഗോപുവിന് മുതൽകൂട്ടായത്.
കലാരംഗത്തെപോലെ തന്നെ പഠനരംഗത്തും ഗോപു മുന്നിലാണ്. എസ്.എസ്.എൽ.സി.ക്കും പ്ലസ്ടുവിനും ഫുൾ എപ്ലസ് നേടിയായിരുന്നു വിജയം. പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിലെ സീനിയർ ക്ലാർക്ക് കെ.കെ.ഹരിലാലിന്റെയും പൊൻകുന്നം ടീച്ചേഴ്‌സ് സൊസൈറ്റി സെക്രട്ടറി പി.ജി.ജയമോളുടെയും മകനാണ്. സഹോദരി ഐശ്വര്യയും കലാകാരിയാണ്.