10 വർഷത്തിനുശേഷം റബ്ബർ ഉത്‌പാദനം എട്ടുലക്ഷം ടണ്ണിലേക്ക്

: വിലയിടിവിന്റെയും ചാഞ്ചാട്ടത്തിന്റെയും സാമ്പത്തികവർഷം കടന്നുപോകുമ്പോൾ റബ്ബർരംഗത്ത് ഒരു ശുഭവാർത്ത. ഇൗ സാമ്പത്തികവർഷം ഉത്‌പാദനം എട്ടുലക്ഷം ടൺ കവിയുമെന്ന പ്രതീക്ഷയാണിത്.

10 വർഷത്തിനുശേഷമാണ് രാജ്യം ഇൗ നേട്ടം കൈവരിക്കുന്നത്. 2011-12 സാമ്പത്തിക വർഷമാണ് ഇതിനുമുമ്പ് ഉത്‌പാദനം എട്ടുലക്ഷം കവിഞ്ഞത്.

ഇൗ സാമ്പത്തികവർഷം ഡിസംബർവരെയുള്ള കാലത്ത് ഉത്‌പാദനം 6.25 ലക്ഷം ടണ്ണാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലും മെച്ചപ്പെട്ട ഉത്‌പാദനം നടന്നിട്ടുള്ളതിനാലാണ് എട്ടുലക്ഷം നേടുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് റബ്ബർബോർഡ് എക്സി.ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ പറഞ്ഞു.

10 ലക്ഷം ടണ്ണാണ് രാജ്യം ലക്ഷ്യമിടുന്ന ഉത്‌പാദനം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ഉത്‌പാദനം ഏഴുലക്ഷം കവിഞ്ഞിരുന്നു. പോയവർഷം 7.75 ലക്ഷം ടൺ വരെയെത്തി. ഇൗ സാമ്പത്തിക വർഷത്തിന്റെ ആദ്യഘട്ടങ്ങളിൽ ശരാശരിവില 170 ആയി നിന്നതാണ് കൃഷിക്കാർക്ക് പ്രോത്സാഹനമേകിയത്. ഏപ്രിൽ, മേയ്, ജൂൺ കാലത്ത് അതിൽ സ്ഥിരതയുണ്ടായി.

ടയർകമ്പനികൾ വിട്ടുനിന്നപ്പോൾ റബ്ബർബോർഡ് ഇടപെട്ട് അവരെ രംഗത്ത് ഇറക്കിയതും നല്ല ഇടപെടലായി. വില 200-ലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ ഉത്‌പാദനം കൂട്ടാൻ ശ്രമിച്ചു. മഴമറ 4.25 ലക്ഷം ഹെക്ടറിലേക്ക് വ്യാപിച്ചു.

പോയവർഷം ഇത് 2.50 ലക്ഷം ഹെക്ടറിൽ മാത്രമായിരുന്നു. രാജ്യത്തെ മൊത്തം ഉത്‌പാദനത്തിന്റെ 75 ശതമാനം കേരളത്തിൽനിന്നാണ്. ബാക്കി അസം, ത്രിപുര എന്നിവിടങ്ങളിലും. ഉത്‌പാദനവർധനയിൽ കേരളം മുന്നേറി.

error: Content is protected !!