പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് കൊടിയേറി. തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നാരായണൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു.
നേരത്തെ ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ നിന്ന് വിവിധ ഹൈന്ദവസംഘടനകളുടെയും ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തിൽ കൊടിക്കൂറ ഘോഷയാത്രയുണ്ടായിരുന്നു. കരയോഗം പ്രസിഡന്റ് ബേബി എം.മുളയണ്ണൂർ കൊടിക്കൂറ ക്ഷേത്രനടയിൽ സമർപ്പിച്ചു.
എൻ.എസ്.എസ്. പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ തിരുവരങ്ങ് ഉദ്ഘാടനം ചെയ്തു. 21 മുതൽ 24 വരെ തീയതികളിൽ രാവിലെ എട്ടിന് ശ്രീബലി, 12.30-ന് ഉത്സവബലിദർശനം, നാലിന് കാഴ്ചശ്രീബലി എന്നിവയുണ്ട്.
25-ന് ആറാട്ടുത്സവം. 11-ന് കുംഭകുടനൃത്തം, രണ്ടിന് ആറാട്ടുപുറപ്പാട്, ആറിന് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിൽ ആറാട്ട്, ഏഴിന് തിരിച്ചെഴുന്നള്ളിപ്പ്, പുലർച്ചെ ഒന്നിനാണ് ആറാട്ട് എതിരേൽപ്പ്.