തിരുവനന്തപുരം – അങ്കമാലി ദേശീയപാത: അടയാളക്കുറ്റികൾ സ്ഥാപിച്ചു തുടങ്ങി
എരുമേലി ∙ എംസി റോഡിനു സമാന്തരമായി നിർമിക്കുന്ന തിരുവനന്തപുരം – അങ്കമാലി ഗ്രീൻ ഫീൽഡ് ദേശീയപാതയുടെ നിർമാണത്തിന്റെ ഭാഗമായി പൊന്തൻപുഴ വനത്തിൽ ഏറ്റെടുക്കുന്നത് 4.5 ഹെക്ടർ വനഭൂമി. പ്ലാച്ചേരി മുതൽ പൊന്തൻപുഴ വരെയുള്ള ഭാഗത്താണ് ഇത്രയും വനഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്ത് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചു തുടങ്ങി. വനം വകുപ്പിന്റെ തേക്ക്, ഇലവ് പ്ലാന്റേഷനാണു പൊന്തൻപുഴ വനം. തേക്ക്, ഇലവ്, മാരുതി, ആഞ്ഞിലി തുടങ്ങിയ വൻ മരങ്ങൾ നിറഞ്ഞതാണ് റോഡ് വരുന്ന ഭാഗം. റോഡ് വരുമ്പോൾ മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. 600 മരങ്ങൾ മുറിച്ചുനീക്കണമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് വനംവകുപ്പ് എരുമേലി റേഞ്ച് ഓഫിസർ ബി.ആർ.ജയൻ പറഞ്ഞു.
കോട്ടയം ജില്ലയിലേക്ക് ഗ്രീൻ ഫീൽഡ് ദേശീയപാത പ്രവേശിക്കുന്നത് പ്ലാച്ചേരിയിൽ നിന്നാണ്. നിലവിലുള്ള പുനലൂർ – മൂവാറ്റുപുഴ ഹൈവേയിലൂടെയാണ് പാത എത്തുന്നത്. പ്ലാച്ചേരിയിൽ നിന്നാണ് പൊന്തൻപുഴ വനമേഖലയിലേക്കു റോഡ് പ്രവേശിക്കുന്നത്. നിലവിലുള്ള റോഡിലൂടെ അൽപം മുന്നോട്ടു വന്നശേഷം പടിഞ്ഞാറ് ഭാഗത്തേക്ക് ദിശ മാറും. വനത്തിലൂടെ ഒരു കിലോമീറ്റർ പിന്നിട്ട് നടുക്കെക്കലുങ്ക് പമ്പിങ് ഹൗസിനു സമീപത്തുനിന്ന് കിഴക്കോട്ട് റോഡിന്റെ ദിശ മാറും. ഇവിടെ നിന്ന് വനത്തിലൂടെ മുന്നോട്ടുപോയി ചാരുവേലി റോഡിൽ എത്തുന്ന ഭാഗം വരെ വനമേഖലയാണ്.
ദിശമാറ്റം ചെറുവള്ളി വിമാനത്താവളം മുന്നിൽക്കണ്ട്
ആദ്യ അലൈൻമെന്റ് പ്രകാരം വനത്തിലൂടെയുള്ള പ്ലാച്ചേരി – മുക്കട റോഡ് വഴി ചെറുവള്ളി എസ്റ്റേറ്റിന്റെ മധ്യ ഭാഗത്തുകൂടി ആയിരുന്നു ഗ്രീൻ ഫീൽഡ് ഹൈവേ കടന്നു പോകുന്നത്. അങ്ങനെയെങ്കിൽ ഒരു കിലോമീറ്റർ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വനഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. റോഡ് മുക്കട ജംക്‌ഷനെ പൂർണമായും ഇല്ലാതാക്കുമായിരുന്നു. എന്നാൽ ശബരിമല ഗ്രീൻഫീൽഡ് പദ്ധതി നടപ്പാക്കുമ്പോൾ റോഡ് തടസ്സമാകുമെന്നു കണ്ടതോടെയാണ് പുതിയ അലൈൻമെന്റ് പ്രകാരം പ്ലാച്ചേരിയിൽ നിന്ന് പൊന്തൻപുഴ റോഡിലൂടെ ചാരുവേലിയിൽ പ്രവേശിക്കുന്ന വിധം മാറ്റിയത്.
റോഡ് പോകും വഴി
ആകാശ സർവേ പ്രകാരം മണിമല, എരുമേലി തെക്ക്, ചെറുവള്ളി, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, കൊണ്ടൂർ, ഈരാറ്റുപേട്ട വില്ലേജുകളിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. പ്ലാച്ചേരി ജംക്‌ഷനിൽ നിന്ന് ചാരുവേലി വഴി കറിക്കാട്ടൂർ സെന്റർ അയ്യപ്പക്ഷേത്രത്തിനും സെന്റ് ആന്റണീസ് പള്ളിക്കും സമീപത്തുകൂടി ചെറുവള്ളി എസ്റ്റേറ്റിന്റെ സമീപത്ത് എത്തും. എസ്റ്റേറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടിയാണ് റോഡ് കടന്നു പോകുക.
മരോട്ടിച്ചുവട് – പൂതക്കുഴി റോഡ് മുറിച്ചുകടന്ന് വട്ടക്കുഴി പ്ലാന്റേഷനു സമീപത്ത് എത്തും. കാക്കക്കല്ല്, പൂപ്പാറ റോഡ് പിന്നിട്ട് എരുമേലി – ചേനപ്പാടി – മണിമല റോഡ് കടന്ന് കിഴക്കേക്കര ക്ഷേത്രത്തിനു 2 കിലോമീറ്റർ മാറി മണിമലയാർ മറികടക്കും. എരുമേലി പൊൻകുന്നം റോഡ് മുറിച്ചുകടന്ന് കിഴക്ക് അമൽജ്യോതി കോളജിന്റെ സമീപത്തുകൂടി കൂവപ്പള്ളി 26–ാം മൈലിൽ എത്തി കെകെ റോഡ് മുറിച്ചു കടന്നുപോകും.
നിലവിൽ പുനലൂർ – മൂവാറ്റുപുഴ റോഡ് 14 മീറ്ററാണ്. പുതിയ റോഡ് 26 മീറ്ററായാണു വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ റോഡ് കടന്നുപോകുന്ന ഭാഗത്തെ പല ജംക്‌ഷനുകളും ഇല്ലാതാകും.