നിർദിഷ്ട ഗ്രീൻഫീൽഡ് നാലുവരിപ്പാത ;  വനമേഖലയിൽ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിത്തുടങ്ങി 

എരുമേലി: നിർദിഷ്ട ഗ്രീൻഫീൽഡ് നാലുവരിപ്പാതയുടെ നിർമാണത്തിന് മുന്നോടിയായി പാത കടന്നുപോകുന്ന വനമേഖലയിൽ ഏറ്റെടുക്കേണ്ട വനഭാഗത്തെ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ജില്ലയിൽ പ്ലാച്ചേരിമുതൽ പൊന്തൻപുഴവരെയുള്ള ഭാഗത്തെ വനമേഖലയിലെ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി. 

സർവേ ഉദ്യോഗസ്ഥരും വനപാലകരും ചേർന്നാണ് പാതയുടെ ഭാഗമായി വരുന്ന വനമേഖലയിൽ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്. പ്ലാച്ചേരിമുതൽ പൊന്തൻപുഴവരെയുള്ള ഭാഗത്ത് 800 മീറ്റർ ദൂരത്തിൽ 45 മീറ്റർ വീതിയിലും ശേഷം 40 മീറ്റർ ദൂരത്തിൽ 15 മീറ്റർ വീതിയിലുമാണ് മരങ്ങളുടെ കണക്കെടുപ്പ് നടക്കുന്നത്. നിലവിലുള്ള അലൈൻമെന്റ് പ്രകാരം നാലര ഹെക്ടറോളം വനഭൂമി പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരും. നിർദിഷ്ട പാതയ്ക്കായി നിശ്ചയിച്ച വനഭൂമിയുടെ പരിധിയിൽ തേക്ക്, ഇലവ്, മരുതി മരങ്ങളാണ് കൂടുതൽ ഉള്ളത്. 

ഇവയുടെ കണക്കെടുപ്പും അടയാളപ്പെടുത്തലുകളും നടക്കുന്നു. പാതയിൽ 1.2 കിലോമീറ്ററാണ് വനമേഖലയുടെ ഭാഗമാകുന്നത്. ഉപഗ്രഹ സർവേ പ്രകാരം പ്രവൃത്തികൾ നടക്കുന്നെങ്കിലും അന്തിമ സർവേ നിജപ്പെടുത്തിയിട്ടില്ല.

error: Content is protected !!