അങ്കമാലി-എരുമേലി ശബരിപാത : 1000 കോടി വകയിരുത്തണമെന്ന് കൊടിക്കുന്നിൽ
അങ്കമാലി -എരുമേലി ശബരി റെയിൽപ്പാതയുടെ നിർമാണത്തിന് കൂടുതൽ തുക വകയിരുത്തണമെന്ന് റെയിൽവേ മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
ഇത്തവണത്തെ ബജറ്റിൽ നീക്കിവെച്ച തുകയായ 100 കോടിയിൽനിന്ന് 1000 കോടിയായി വർധിപ്പിക്കണം. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാ മോഹൻ സിങ് അധ്യക്ഷത വഹിച്ച യോഗത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
അങ്കമാലി ശബരി റെയിൽപ്പാത എരുമേലിയിൽ അവസാനിപ്പിക്കാതെ മലയോരപ്രദേശങ്ങളായ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു നീട്ടണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. ഇ. ശ്രീധരൻ നിർദേശിച്ച ചെങ്ങന്നൂർ-പമ്പ എലിവേറ്റഡ് റെയിൽവേ ലൈൻ സർവേ പൂർത്തിയാക്കി അടുത്ത ബജറ്റിൽ ഉൾപ്പെടുത്തണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.