സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് – കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സെന്റ് ഡോമിനിക്സ് കോളേജിൽ ഫെബ്രുവരി 26 ന്
കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സെന്റ് ഡോമിനിക്സ് കോളേജിൽ 26 ആം തിയതി ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സെന്റ് ഡോമിനിക്സ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും പാറത്തോട് പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ നേത്രചികിത്സാ രംഗത്ത് പ്രശസ്തരായ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ വിദഗ്ധരായ ഡോകടർമാരടങ്ങുന്ന സംഘം രോഗികളെ പരിശോധിക്കും.
കാഴ്ച്ച പരിശോധന, തിമിര പരിശോധന, ഡയബറ്റിക് രോഗികളിൽ നടത്തുന്ന റെറ്റിനോപൊതി പരിശോധന തുടങ്ങിയ വയും നിർദ്ദേശിക്കപ്പെടുന്നവർക്ക് അടുത്ത ഘട്ടമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തിമിര ശാസ്ത്രക്രിയയും പൂർണ്ണമായും സൗജന്യമായി നേത്ര രോഗ നിർണ്ണയ ക്യാമ്പിൽ നൽകും.
സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം 26 ആം തിയതി ഞായാറാഴ്ച്ച രാവിലെ 9 മണിക്ക് പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കും. സാമൂഹിക, ആതുര സേവന രംഗത്ത് സജീവമായ കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് സംഘടിപ്പിക്കുന്ന 22 മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് നടക്കാൻ പോകുന്നത്. കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് പ്രസിഡന്റ് ജെറി ജേക്കബ്, സെക്രട്ടറി ജിയോ ജോയി ക്യാമ്പ് കോ ഓർഡിനേറ്റർമാരായ, ഡോ ടി എം ഗോപിനാഥ പിള്ള, ഡൊമിനിക് ആന്റണി കാലാപറമ്പിൽ, പ്രൊഫ റോണി കെ. ബേബി, സെന്റ് ഡോമിനിക്സ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ജോജി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.