ശബരിമല വിമാനത്താവളം: ബാധിക്കുന്നത് 700 കുടുംബങ്ങളെ; സാമൂഹികാഘാത പഠനം തുടങ്ങി
എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയിൽ സാമൂഹികാഘാത പഠനം ആരംഭിച്ചു. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് ആണു പഠനം നടത്തുന്നത്. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ വീടുകളുടെയും നിർമിതികളുടെയും വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
റവന്യു വകുപ്പ് കൈമാറിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണു വീടുകളും സ്ഥലങ്ങളും കണ്ടെത്തുന്നത്. 370 ഏക്കർ സ്വകാര്യഭൂമി വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1,039.876 ഹെക്ടർ (2,570 ഏക്കർ) ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കാൻ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.
ഇതുകൂടാതെ ഏറ്റെടുക്കുന്ന സ്വകാര്യഭൂമിയുടെ സർവേ നമ്പറുകളും സർക്കാർ പുറത്തുവിട്ടിരുന്നു. ഈ സ്വകാര്യ ഭൂമിയിലാണ് ഇപ്പോൾ പഠനം ആരംഭിച്ചിട്ടുള്ളത്. ജൂൺ വരെയാണു പഠനത്തിനു സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നത് 700ൽ പരം കുടുംബങ്ങളെ ബാധിക്കുമെന്നതിനാൽ ഇത്രയും കുടുംബങ്ങളെ നേരിൽക്കണ്ട് വിവരശേഖരണം നടത്തും. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണു നടപടി.
സാമൂഹികാഘാത പഠനത്തിലൂടെ പ്രത്യേക ഫോമിൽ ശേഖരിക്കുന്ന വിവരങ്ങൾ ഇവയാണ്:
∙ ഓരോ വീട്ടിലും എത്ര അംഗങ്ങൾ സ്ഥലമെത്രയുണ്ട്
∙ അംഗങ്ങളുടെ തൊഴിൽ എന്താണ്
∙ ഭൂമിയേറ്റെടുപ്പിൽ കുടുംബാംഗങ്ങളുടെ ആശങ്ക
∙ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം