കാട്ടുപോത്തിനെ കാണാനില്ല, ഭീതിയോടെ നാട്ടുകാർ
കാഞ്ഞിരപ്പള്ളി ∙ ഇവിടെത്തന്നെയുണ്ടെന്നു നാട്ടുകാർ… സ്ഥലം വിട്ടെന്നു വനം വകുപ്പ്… പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്ത് ഇറങ്ങിയ കാട്ടുപോത്തിനെ 3 ദിവസം രാത്രിയും പകലും തിരഞ്ഞിട്ടും കണ്ടെത്താനായില്ല. എന്നാൽ പോത്ത് വനാതിർത്തിയിൽ എത്തിയെന്നാണു വനം വകുപ്പ് പറയുന്നത്.
കഴിഞ്ഞ 28നാണ് ഇടക്കുന്നം സിഎസ്ഐ പള്ളി മേഖലയിൽ കാട്ടുപോത്തിനെ കണ്ടത്. രാവിലെ ജനവാസ മേഖലയിൽ കണ്ട പോത്തിനെ നാട്ടുകാർ ഓടിച്ചു വിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി എട്ടരയോടെ പുരയിടത്തിലെ കിണറ്റിൽ വീണു. പിറ്റേന്നു രാവിലെ എട്ടരയോടെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി വഴിവെട്ടി പോത്തിനെ കരയ്ക്കു കയറ്റി.
വെടിയുതിർത്തു ശബ്ദമുണ്ടാക്കി സമീപ തോട്ടത്തിലേക്കു വിരട്ടിയോടിച്ചു. പിറ്റേന്ന് പോത്ത് വനാതിർത്തിയിലെത്തിയതായും വനം വകുപ്പ് അറിയിച്ചു.എന്നാൽ 6ന് വൈകിട്ട് ആറരയോടെ ഏതാനും കിലോമീറ്റർ മാറി വാക്കപ്പാറയിൽ യുവാവിനെ പോത്ത് ആക്രമിച്ചു. കിണറ്റിൽ വീണ കാട്ടുപോത്തു തന്നെയാണു ആക്രമിച്ചതെന്നും സംശയിക്കുന്നു.
ഇടക്കുന്നം മേഖലയിൽ നിന്നു 16 കിലോമീറ്റർ അകലെയാണു വനാതിർത്തി. എരുമേലി കാളകെട്ടി വനമേഖലയോടു ചേർന്നു കിടക്കുന്ന റബർ എസ്റ്റേറ്റുകളിലൂടെയാണ് പോത്ത് മേഖലയിൽ എത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. പോത്ത് ഇവിടെയത്തിയെന്നു കരുതുന്ന വഴിയിലൂടെ (താര) ട്രാക്ക് പട്രോളിങ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ 2 ദിവസമായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് റിലേ പട്രോളിങ്ങും നടത്തിയിട്ടും കാണാൻ കഴിഞ്ഞില്ല. ഡ്രോൺ ഉപയോഗിച്ചു തിരയുന്നതിനുള്ള സാധ്യത തേടിയെങ്കിലും മരങ്ങൾ തിങ്ങി നിൽക്കുന്ന പ്രദേശങ്ങളായതിനാൽ പ്രയോജനമുണ്ടാകാൻ സാധ്യതയില്ലെന്നാണു എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പറയുന്നത്.
വനം വകുപ്പിനെ തെറ്റിദ്ധരിപ്പിക്കാനും ചിലർ ശ്രമിക്കുന്നതായി റേഞ്ച് ഓഫിസർ അറിയിച്ചു. കഴിഞ്ഞ ദിവസം മേഖലയിൽ പോത്തിനെ തൽസമയം കണ്ടു കൊണ്ടിരിക്കുകയാണെന്നു പറഞ്ഞു ഒരാൾ മൊബൈൽ ഫോണിൽ വിളിച്ചു. എന്നാൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ ദേശീയപാത പാത വഴി സഞ്ചരിക്കുന്നതായാണു കണ്ടെത്തിയത്.
ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത കാട്ടുപോത്തിന്റെ ചിത്രവും മേഖലയിൽ എത്തിയ പോത്താണെന്നു തെറ്റിദ്ധരിപ്പിച്ചു പ്രചരിപ്പിക്കുന്നു.