ശബരിമല വിമാനത്താവളം: ചെറുവള്ളി റബർ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കാൻ നിയമതടസ്സം
എരുമേലി ∙ ചെറുവള്ളി റബർ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കരം സ്വീകരിക്കാൻ റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ, കഴിഞ്ഞ 13 വർഷത്തെ കരം കൂടാതെ പലിശയും പിഴപ്പലിശയും ഉൾപ്പെടെ 60 ലക്ഷം രൂപയാണ് കെട്ടിവയ്ക്കാൻ റവന്യു വകുപ്പ് ചെറുവള്ളി എസ്റ്റേറ്റ് അധികൃതർക്ക് നോട്ടിസ് നൽകിയത്.
ഇത് കൂടാതെ എസ്റ്റേറ്റിന്റെ കരം ‘അയന ചാരിറ്റബിൾ ട്രസ്റ്റി’ന്റെ പേരിലേക്ക് മാറ്റണമെന്നും എസ്റ്റേറ്റ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റവന്യു വകുപ്പ് ഇതിനു നിയമതടസ്സം ഉന്നയിച്ചു. ഇതോടെയാണ് തൽക്കാലം കരം അടയ്ക്കേണ്ടതില്ലെന്നു എസ്റ്റേറ്റ് അധികൃതർ തീരുമാനിച്ചത്. എല്ലാ വർഷവും പതിവായി എസ്റ്റേറ്റിന്റെ പരിധിയിലുള്ള എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ നികുതി തുകയുടെ ചെക്ക് അയയ്ക്കാറുണ്ട്.
നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി 1,039.876 ഹെക്ടർ (2,570 ഏക്കർ) ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കാൻ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. എന്നാൽ, എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ് കോടതിയിൽ കേസ് ഉള്ളതിനാൽ റവന്യു അധികൃതർ ഈ ചെക്ക് സ്വീകരിക്കാതെ മടക്കി അയയ്ക്കുകയാണു ചെയ്തിരുന്നത്. ഇതേ തുടർന്നാണ് എസ്റ്റേറ്റ് അധികൃതർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.കരം സ്വീകരിക്കാൻ റവന്യു വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇതുപ്രകാരം റവന്യു വകുപ്പ് കരം അടയ്ക്കുന്നതിനു എസ്റ്റേറ്റ് അധികൃതർക്കു ഡിമാൻഡ് നോട്ടിസ് നൽകി. കഴിഞ്ഞ 13 വർഷത്തെ കരവും പലിശയും പിഴപ്പലിശയും അടയ്ക്കാനാണു നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ വർഷവും കൃത്യമായി പണം നൽകിയിട്ടും വാങ്ങാതെ ഇപ്പോൾ പലിശയും പിഴ പലിശയും ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് എസ്റ്റേറ്റ് അധികൃതരുടെ നിലപാട്. ഇതോടൊപ്പം ഗോസ്പൽ ഫോർ ഏഷ്യ എന്നത് അയന ചാരിറ്റബിൾ ട്രസ്റ്റ് എന്നാക്കി പുനർനാമകരണം ചെയ്തിട്ടുണ്ട്.
അതിനാൽ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ കരം സ്വീകരിക്കണം എന്നും ആണ് എസ്റ്റേറ്റ് അധികൃതരുടെ നിലപാട്. എന്നാൽ, ഈ പേരിൽ കരം ഈടാക്കാൻ കഴിയില്ലെന്നാണ് റവന്യു അധികൃതർ വ്യക്തമാക്കി. പേരുമാറ്റം സംബന്ധിച്ചു കൃത്യമായ രേഖകൾ ഹാജരാക്കിയ ശേഷം അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ കരം സ്വീകരിക്കുന്നത് ആലോചിക്കാം എന്നാണു റവന്യു അധികൃതർ അറിയിച്ചിരിക്കുന്നത്. മലയാളം പ്ലാന്റേഷൻസ് കമ്പനി, തോട്ടം ഗോസ്പൽ ഫോർ ഏഷ്യയ്ക്കു ശേഷം കൈമാറിയ ശേഷം 2008-2009 വരെ കരം സ്വീകരിച്ചിരുന്നു