എരുമേലി പഞ്ചായത്ത്‌ അംഗത്തിനെതിരെ ജാമ്യമില്ലാ കേസ് : അവിശ്വാസം പൊളിക്കുവാൻ എന്ന് യുഡിഎഫ്

എരുമേലി : പഞ്ചായത്ത്‌ അംഗത്തിനെതിരെ വനിതാ അസി. എഞ്ചിനീയർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലിസ് കേസെടുത്തു. നീതി കിട്ടിയില്ലെങ്കിൽ ജോലി രാജി വെയ്ക്കുമെന്ന് അസി. എഞ്ചിനീയർ പറഞ്ഞു. വെള്ളിയാഴ്ച എഞ്ചിനീയർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജീവനക്കാർ പഞ്ചായത്ത്‌ ഓഫിസിൽ പത്ത് മിനിട്ട് പ്രതിഷേധം അറിയിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമെന്നും 28 ന് നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടിങ്ങിൽ തന്നെ പങ്കെടുപ്പിക്കാതിരിക്കാനുള്ള സിപിഎമ്മിന്റെ നീക്കമായി കള്ളക്കേസിൽ കുടുക്കുകയാണെന്നും ആരോപണവിധേയനായ പഞ്ചായത്ത്‌ അംഗം പറഞ്ഞു .

അസി. എഞ്ചിനീയർ ജോലി ചെയ്യാതെ കൃത്യവിലോപം കാട്ടുന്നതിന് കഴിഞ്ഞയിടെ പഞ്ചായത്ത്‌ കമ്മറ്റിയിൽ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ നിർദേശപ്രകാരം മെമ്മോ നോട്ടീസ് നൽകാൻ തീരുമാനിച്ചതാണെന്നും പ്രതിപക്ഷ ആരോപണം.

എരുമേലി ഗ്രാമ പഞ്ചായത്തിലാണ് അവിശ്വാസ പ്രമേയത്തിന് മുമ്പെ നാടകീയമായ സംഭവവികാസങ്ങൾ. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ അസി.എഞ്ചിനീയറുടെ ഓഫീസിൽ നടന്ന സംഭവങ്ങളിലാണ് പ്രതിപക്ഷ അംഗമായ കോൺഗ്രസിലെ നാസർ പനച്ചിക്കെതിരെ പോലിസ് കേസെടുത്തിരിക്കുന്നത്. വനിതയായ അസി. എഞ്ചിനീയർ നവമിയോട് കയർത്ത് ക്ഷുഭിതനായ അംഗം ഓഫീസിന്റെ കതകടച്ച് പൂട്ടി പുറത്തു പോയെന്നും ഭീതിയിൽ നവമി അവശയായി വീണെന്നുമാണ് പരാതി. ഉടനെ എസ് ഐ ശാന്തി ബാബുവിന്റെ നേതൃത്വത്തിൽ പോലിസ് എത്തിയിരുന്നു.

കതക് പാതി അടയ്ക്കുകയാണ് ചെയ്തതെന്നും പൂട്ടിയിട്ടില്ലെന്നും അൽപസമയത്തിനകം മറ്റൊരു അംഗം കതക് തുറന്നെന്നും തന്റെ വാർഡിലെ മരാമത്ത് പ്രവൃത്തികൾ ടെണ്ടർ ചെയ്യാതെ വൈകിപ്പിക്കുന്നത് സംബന്ധിച്ച് ആണ് അസി. എഞ്ചിനീയറുമായി വാക്കേറ്റമുണ്ടായതെന്നും സ്ഥലത്ത് എത്തിയ പോലീസിനോട് അംഗം പറഞ്ഞു. എന്നാൽ 15 മിനിറ്റോളം പൂട്ടിയിട്ടെന്നാണ് അസി. എഞ്ചിനീയർ പറഞ്ഞതെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി പോലീസിനോട് പറഞ്ഞു.

തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അസി. എഞ്ചിനീയറുടെ മൊഴി എഴുതിയെടുത്ത് പോലിസ് കേസ് രജിസ്റ്റർ ചെയ്ത് ഇന്നലെ എഫ്ഐആർ നൽകുകയായിരുന്നു. 342 ,353 വകുപ്പുകളാണ് അംഗത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിയിൽ തടസമുണ്ടാക്കിയെന്നുള്ളതാണ് പോലിസ് സ്റ്റേഷനിൽ ജാമ്യമില്ലാത്ത കുറ്റമായ 353. കോടതിയെ സമീപിച്ച് ജാമ്യം തേടുമെന്ന് അംഗം നാസർ പനച്ചി പറഞ്ഞു.

നാസറിന് പിന്തുണയുമായി പ്രതിപക്ഷത്തെ കോൺഗ്രസ്‌ അംഗങ്ങളും സ്വതന്ത്ര അംഗവും രംഗത്തുണ്ട്. എഞ്ചിനീയർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ രാവിലെ ഗസറ്റ്ഡ് ഓഫിസേഴ്സ് സംഘടനയുടെയും എഞ്ചിനീയറിംഗ് വിഭാഗം സംഘടനയുടെ നേതൃത്വത്തിൽ ജീവനക്കാർ പത്ത് മിനിറ്റോളം ഓഫിസിന് മുമ്പിൽ നിന്ന് പ്രതിഷേധിച്ചു. വനിതാ ഉദ്യോഗസ്ഥയെ പൂട്ടിയിടുകയും അപമാര്യാദയായി പെരുമാറുകയും ചെയ്ത അംഗത്തെ അറസ്റ്റ് ചെയ്യണമെന്ന് എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.

ഭരണസ്വാധീനം ഉപയോഗിച്ച് പോലീസിനെക്കൊണ്ട് കള്ളക്കേസ് എടുക്കുന്ന സിപിഎം നീക്കം ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. ഒരു വാർഡിൽ ചെലവിടാൻ മെമ്പർക്ക് കിട്ടുന്നത് പത്ത് ലക്ഷം രൂപയുടെ ഫണ്ട് ആണെന്നും പുതിയതായി നിയമനം കിട്ടിയ അസി. എഞ്ചിനീയറുടെ പരിചയക്കുറവ് മൂലം പത്ത് ശതമാനം ഫണ്ട് പോലും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കമ്മറ്റി ആരോപിച്ചു. ഇത് സംബന്ധിച്ച് പ്രതിഷേധം പ്രകടിപ്പിച്ച അംഗത്തെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് അവിശ്വാസ പ്രമേയം പാസാകാതിരിക്കാനുള്ള സിപിഎം തന്ത്രം ആണെന്നും കോൺഗ്രസ്‌ നേതാക്കൾ പറയുന്നു. അതേസമയം പോലിസ് എടുക്കുന്ന നിയമനടപടികൾക്ക് സിപിഎമ്മിനെ പഴി ചാരുന്നത് വനിതാ ഉദ്യോഗസ്ഥയെ അപമാനിച്ചത് മറയ്ക്കാൻ വേണ്ടിയാണെന്ന് സിപിഎം നേതാക്കൾ പറയുന്നു.

error: Content is protected !!