കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ 16 കോടി 14 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.
കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ SMART KANJIRAPPALLY (2021-25) മിഷന്റെ ഭാഗമായി തയ്യാറാക്കിയ 2023-24 ജനകീയാസൂത്രണ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 16 കോടി 14 ലക്ഷത്തി അയ്യായിരം രുപയുടെ വികസന പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.
വിവിധ മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യം വച്ചു കൊണ്ടുള്ള പദ്ധതികളാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രൂപം കൊടുത്തിട്ടുള്ളതെന്നും, വനിതാ വികസനം, വയോജനക്ഷേമം, ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം എന്നീ മേഖലയിൽ വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്ക്കരിച്ചത് മാതൃകാപരമാണെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് K V ബിന്ദു, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ (DDP) സിദ്ധിഖ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ ഭരണസമിതിയെ അഭിനന്ദിക്കുകയും, പ്രശംസിക്കുകയും ചെയ്തു.
ഉൽപ്പാദന മേഖലയിൽ കൃഷി-മൃഗസംരക്ഷണ-മത്സ്യ ഉൽപാദനം എന്നീ പദ്ധതികളിലൂടെ സ്വയംപര്യാപ്തതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനും, സേവന മേഖലയിൽ വനിതകളുടെയും – കുട്ടികളുടെയും ,വയോജനങ്ങളുടെയും, വികലാംഗർ, ഭിന്നശേഷിക്കാർ, അതി ദരിദ്രർ, ആശ്രയ കടുംബങ്ങൾ, വാതിൽപ്പടി സേവനം എന്നിവയ്ക്കായുള്ള നിരവധി പദ്ധതികളും,ആരോഗ്യ മേഖലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം, ക്യാൻസർ രോഗികൾക്കുള്ള സഹായ പദ്ധതികൾ, കോക്ലിയർ ഇംപ്ലാൻ്റേഷൻ ഉപകരണങ്ങൾ നൽകൽ തുടങ്ങിയ പദ്ധതികളും, ബഡ്സ് സ്കൂൾ ആരംഭിക്കൽ, സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തൽ, തെരുവ് വിളക്കുകൾ സ്ഥാപിക്കലും, നവീകരിക്കലും, അംഗൻ വാടികളുടെ നവീകരണവും ,സ്മാർട്ട് അംഗൻവാടികളുടെ നിർമ്മാണവും,ചെറുകിട വ്യാവസായിക സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ധന സഹായം നൽകൽ,ലൈഫ് ഭവന നിർമ്മാണ പദ്ധതികൾക്ക് ഫണ്ട് വകയിരുത്തൽ, വീട് മെയിൻ്റനൻസിനുള്ള പദ്ധതി, വിവിധ ഡ്രൈനേജുകളുടെ നിർമ്മാണം, ടോയ്ലറ്റ് നവീകരണം, മാലിന്യ നിർമാർജന ഉപാധികളുടെ വിതരണം, പട്ടികജാതി- പട്ടിക വർഗ്ഗ ക്ഷേമത്തിനായുളള പദ്ധതികൾ, ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയോടൊപ്പം വിവിധ ചെറുകിട കുടിവെള്ള പദ്ധതികളുടെ നിർമ്മാണവും, നവീകരണവും, പശ്ചാത്തല മേഖലയിൽ ഗ്രാമീണ റോഡുകളുടെ നിർമ്മാണവും, നവീകരണവും, കമ്മ്യൂണിറ്റി ഹാൾ, സാംസ്കാരിക നിലയം ഹെൽത്ത് സബ് സെൻ്ററുകളുടെ നിർമ്മാണം തുടങ്ങിയ പദ്ധതികളും, കാലാവസ്ഥാവ്യതിയാനം – ദുരന്ത നിവാരണ പദ്ധതികൾ ഉൾപ്പെടെ 16 കോടി 14 ലക്ഷത്തി 5000 രുപ ചെലവ് വരുന്ന 201 പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതെന്ന് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, വി.എൻ.രാജേഷ്, സെക്രട്ടറി ഷാഹുൽ ഹമീദ്, പ്ലാൻ ക്ലർക്ക് സുരേഷ് എന്നിവർ അറിയിച്ചു.