കവയിത്രിയും സാമൂഹികപ്രവർത്തകയുമായ എം.ആർ.രമണിക്ക് ആദരാഞ്ജലി അർപ്പിച്ച് നാട്

പൊൻകുന്നം : കവിതയെയും കവിയരങ്ങുകളെയും സ്‌നേഹിച്ച കവയിത്രി, ഒപ്പം പുരോഗമനാശയങ്ങളെ ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച വ്യക്തി. എം.ആർ .രമണിയുടെ നിര്യാണത്തിലൂടെ സാഹിത്യാസ്വാദകർക്ക് വഴികാട്ടിയെക്കൂടിയാണ് നഷ്ടമാകുന്നത്. റിട്ട.ഗവ.ഹൈസ്‌കൂൾ അധ്യാപിക കൂടിയായ രമണി പുരോഗമന കലാസാഹിത്യസംഘം, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ ഭാരവാഹിയും തെക്കേത്തുകവല ഗ്രാമീണ ഗ്രന്ഥശാല, പൊൻകുന്നം ജനകീയ വായനശാല എന്നിവയുടെ സജീവപ്രവർത്തകയുമായിരുന്നു.

ജില്ലയിലെ മിക്ക കവിയരങ്ങുകളിലും കവിതകളവതരിപ്പിച്ചിരുന്ന എം.ആർ.രമണി കവിയരങ്ങുകളിലെ പ്രതിഭകളുടെ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുൻകൈയെടുത്തിരുന്നു. പിതൃസഹോദരനായ കവി പരേതനായ പൊൻകുന്നം ദാമോദരന്റെ സ്മരണ നിലനിർത്താൻ സാഹിത്യസദസ്സുകൾ സംഘടിപ്പിച്ചിരുന്നു. പൊൻകുന്നം ദാമോദരൻ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ മുഖ്യസംഘാടകയുമായിരുന്നു.

പുരോഗമനാശയങ്ങൾ ജീവിതത്തിലുടനീളം പുലർത്തിയ എം.ആർ.രമണി തന്റെ മരണാനന്തരം മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതിൻപ്രകാരം ഏകമകൻ സെലിം അജന്ത കോട്ടയം മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു. ശനിയാഴ്ച 11-വരെ വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് കൈമാറും. വെള്ളിയാഴ്ച വൈകീട്ട് മന്ത്രി വി.എൻ.വാസവൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ബി.ജെ.പി.മധ്യമേഖല പ്രസിഡന്റ് എൻ.ഹരിയും അന്ത്യാഞ്ജലി അർപ്പിച്ചു.

കവയിത്രിയും സാമൂഹികപ്രവർത്തകയുമായ അന്തരിച്ച എം.ആർ.രമണിക്ക് നാട് ആദരാഞ്ജലികൾ അർപ്പിച്ചു. തെക്കേത്തുകവല അജന്ത വീട്ടിലെത്തി രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ .ജയരാജ്, സി.പി.എം.മുൻ ജില്ലാസെക്രട്ടേറിയറ്റംഗം എം.ടി.ജോസഫ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ മുതലായവർ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

പൊതുദർശനത്തിന് ശേഷം മൃതദേഹം മകൻ സെലിം അജന്തയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമിവിഭാഗത്തിന് കൈമാറി. സി.പി.എം.ജില്ലാസെക്രട്ടറി എ.വി.റസ്സൽ, ജില്ലാസെക്രട്ടേറിയറ്റംഗങ്ങളായ അഡ്വ.റെജി സക്കറിയ, കെ.എം.രാധാകൃഷ്ണൻ, കെ.ആർ.വേണുഗോപാൽ, കോട്ടയം ഏരിയസെക്രട്ടറി ബി.ശശികുമാർ, ചെറുവള്ളി ലോക്കൽ സെക്രട്ടറി ബി.സുനിൽ, ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, ടി.എസ്.ബാബുരാജ്, മുകേഷ് മുരളി തുടങ്ങിയവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി നടപടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!