എരുമേലി പഞ്ചായത്ത് ഭരണ നഷ്ട്ടം : എൽഡിഎഫ് ഭരണം രക്ഷപെടുത്തുവാൻ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറായിരുന്നുവെന്ന് സി.പി.ഐ.
എരുമേലി: ഗ്രാമപഞ്ചായത്തിലെ എൽ .ഡി.എഫ് ഭരണം നഷ്ടമാകാതിരിക്കാൻ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറായിരുന്നു എന്ന് സി.പി.ഐ നേതൃത്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് നൽകിയ അവിശ്വാസ നോട്ടീസ് ലഭിച്ച് 15 ദിവസം പ്രവർത്തി ദിവസം ഉണ്ടായിട്ടും അവസാന സമയമാണ് എൽ.ഡി.എഫ് ചർച്ച വിളിച്ചു കൂട്ടിയത്. ചർച്ചയിലെ തീരുമാന പ്രകാരം തങ്ങൾ രാജിവെക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതാണെന്നും എന്നാൽ കേരള കോൺഗ്രസിലെ അംഗം പിന്തുണ നൽകാത്തതിന്റെ പേരിൽ ഭരണം നഷ്ടമാകുകയായിരുന്നു എന്നും നേതാക്കൾ പറഞ്ഞു.
പഞ്ചായത്ത് ഭരണം നഷ്ടമായത് സി.പി.ഐയുടെ പിടിവാശിയാണെന്ന് സി.പി.എം അടക്കം ഉള്ളവരുടെ പ്രചരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു നേതാക്കൾ.
സ്വതന്ത്ര അംഗം ബിനോയിയെ എൽ.ഡി.എഫിനൊപ്പം നിർത്തുന്നതിൻ്റെ ഭാഗമായി 27ന് നടന്ന യോഗത്തിൽ വൈസ്. പ്രസിഡന്റ് അനുശ്രീ സാബു രാജിവെക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ 28ന് നടന്ന അവിശ്വാസത്തിൽ പ്രസിഡൻറ് അടക്കമുള്ള സി.പി.എം അംഗങ്ങൾ ആരും പങ്കെടുത്തില്ല . രാജിക്കത്തുമായി വന്നുവെങ്കിലും സ്വതന്ത്ര അംഗം യു.ഡി.എഫിന് പിന്തുണ നൽകിയെന്ന് അറിഞ്ഞതോടെ രാജി വയ്ക്കേണ്ടതില്ലെന്ന് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി അറിയിച്ചതിനെ തുടർന്നാണ് മടങ്ങിയത്. ഇക്കാര്യം കേരള കോൺഗ്രസ് (എം) നേതാവും എം.എൽ.എയുമായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ അറിയിച്ചതിന് ശേഷം എം.എൽ.എ കൂടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജി വയ്ക്കാതെ തിരികെ പോയതെന്നും നേതാക്കൾ പറഞ്ഞു.
വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്രന് നൽകിക്കൊണ്ട് പ്രസിഡന്റ് സ്ഥാനത്തിന്റെ അവസാന ആറുമാസം സി.പി.ഐക്ക് നൽകാമെന്ന് എൽ.ഡി.എഫ് ചർച്ചയിൽ ധാരണയായിരുന്നതായി അറിയുന്നു. ഇതിനെ തുടർന്നാണ് വൈസ് പ്രസിഡൻ്റ് സ്ഥാനം സി.പി.ഐ രാജിവയ്ക്കാൻ തയ്യാറായതെന്നും പറയപ്പെടുന്നു.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സംബന്ധിച്ച് എൽ.ഡി.എഫ് മണ്ഡലം കമ്മറ്റികളിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. എരുമേലിയുടെ കാര്യത്തിൽ യഥാസമയം കമ്മറ്റി വിളിക്കാതെ അവിശ്വാസത്തിന്റെ തലേദിവസം മാത്രമാണ് കമ്മറ്റി വിളിച്ചതെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സി.പി.ഐ മുണ്ടക്കയം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.പി സുഗതൻ, മണ്ഡലം കമ്മിറ്റി അംഗം എബി കാവുങ്കൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും എരുമേലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ അനുശ്രീ സാബു, മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി കെ.പി മുരളി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.