എരുമേലിയിൽ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 12 ന്
എരുമേലി : യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിലൂടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ട എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടക്കും. സ്വതന്ത്രന്റെ പിന്തുണയിൽ ഭൂരിപക്ഷം ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഭരണം പിടിക്കാനാണ് യുഡിഎഫിന്റെ നീക്കം. അതേസമയം നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനുള്ള അണിയറ ശ്രമത്തിലാണ് എൽഡിഎഫ്. അവസാന നിമിഷം അട്ടിമറി നടക്കുമോയെന്ന് ആകാംഷയിലാണ് നാട്.
മുമ്പ് സംഭവിച്ച പോലെ അട്ടിമറിയും കാലുമാറ്റവും ഇത്തവണ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് കോൺഗ്രസ് നീക്കം. 23 അംഗ ഭരണസമിതിയിൽ സ്വതന്ത്രന്റെ പിന്തുണയോടെ ഭൂരിപക്ഷമായി 12 അംഗങ്ങൾ ആണ് കോൺഗ്രസ് പക്ഷത്തെങ്കിലും സ്വതന്ത്രനോ കോൺഗ്രസിലെ 11 പേരിൽ ആരെങ്കിലുമോ കൈ വിട്ടാൽ ഭരണം നേടാനാകില്ല. എൽഡിഎഫി ൽ സിപിഎം -10, സിപിഐ – ഒന്ന് എന്നിങ്ങനെ 11 ആണ് അംഗബലം.
ബുധനാഴ്ച രാവിലെ 11 ന് പ്രസിഡന്റിനെയും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. വരണാധികാരിയായി കാഞ്ഞിരപ്പള്ളി താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും. സ്വതന്ത്ര അംഗം ഇ ജെ ബിനോയിയുടെ പിന്തുണയിലാണ് യുഡിഎഫി ന്റെ അവിശ്വാസ പ്രമേയം ഭൂരിപക്ഷം നേടി പാസായത്. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം ആണ്. സ്വതന്ത്രന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി ഭരണം നേടാനാണ് യുഡിഎഫി ന്റെ നീക്കം.
പ്രസിഡന്റ് സ്ഥാനം കോൺഗ്രസിൽ ആർക്ക് നൽകണമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ മുറുകുകയാണ്. ബുധനാഴ്ച രാവിലെ ഒമ്പതിന് ചേരുന്ന കോൺഗ്രസ് നേതൃ യോഗത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്ന് നേതൃത്വം അറിയിച്ചു. എൽഡിഎഫി ൽ സിപിഎം അംഗവും മുൻ പ്രസിഡന്റുമായ തങ്കമ്മ ജോർജ്കുട്ടി ആണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുക. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ ഇന്ന് രാവിലെ നിശ്ചയിക്കും. ഭൂരിപക്ഷത്തിനുള്ള പിന്തുണ ലഭിക്കുന്നത് ഉറപ്പായാൽ പിന്തുണ നൽകുന്ന ആളിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാനാണ് എൽഡിഎഫിൽ ആലോചന. നിലവിൽ ഇടതുമുന്നണിയിൽ സിപിഎം, സിപിഐ ഭിന്നത പരിഹരിക്കപ്പെട്ടിട്ടില്ല. അവിശ്വാസ പ്രമേയത്തിൽ ഭരണം നഷ്‌ടപ്പെട്ടതിന് പിന്നിൽ സിപിഐ ആണെന്നുള്ള സിപിഎമ്മിന്റെ പരാതിയിൽ ഭിന്നത രൂക്ഷവുമാണ്.