KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ എം മാണി സ്മൃതി സംഗമം ; ഓർമ്മകളുടെ ഒത്തുചേരലായി

കെ.എം മാണിയുടെ മായാത്ത ഓർമ്മകൾ ഹൃദയത്തിലേന്തിയ പതിനായിരങ്ങൾ അണമുറിയാതെ ഒഴുകിയെത്തിയപ്പോൾ കേരളാ കോൺഗ്രസ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനം ഓർമ്മകളുടെ ഒത്തുചേരലായി.

സാധാരണ നടക്കാറുള്ള അനുസ്മരണ യോഗങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു കെ.എം മാണിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചത്. കേരളാ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലും കെ.എം മാണിയുടെ ജീവിത്തിലും സവിശേഷതയുള്ള കോട്ടയം തിരുനക്കര മൈതാനിയില്‍ സംഘടിക്കപ്പെട്ട കെ.എം മാണി സ്മൃതി സംഗമത്തിലേക്ക് തുടക്കം മുതല്‍ ഒടുക്കം വരെയും അണമുറിയാതെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

പാര്‍ട്ടി പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി രാവിലെ 9 മണിക്ക് കെ.എം മാണിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ സ്മൃതി സംഗമത്തിന് തുടക്കമായി. തുടര്‍ന്ന് പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പം അര്‍പ്പിച്ചു. വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍ എംപി, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ എന്‍.എം രാജു, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു, സണ്ണി തെക്കേടം, ജെന്നിംഗ്‌സ് ജേക്കബ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ച നടത്തി.

തുടര്‍ന്ന് മന്ത്രി വി.എന്‍ വാസവന്‍, മുന്‍കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക പ്രതിനിധിയുമായ പ്രൊഫ. കെ.വി തോമസ്,  സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, സിപി.എം ജില്ലാ സെക്രട്ടറി എ.വി റസല്‍, ജനതാദള്‍ സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് തുടങ്ങിയ ഇടതുമുന്നണി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. അതിനുശേഷം കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖരാണ് ആദരം അര്‍പ്പിക്കാന്‍ എത്തിയത്.

ജനഹൃദയങ്ങളില്‍ ചിരസ്മരണയായി കെ.എം മാണി നിലകൊള്ളുന്നതിന്റെ നേര്‍സാക്ഷ്യങ്ങളായ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളാണ് ചടങ്ങില്‍ ഉടനീളം കണ്ടത്. കെ.എം മാണിയുടെ അന്ത്യയാത്രയുടേയും പ്രസംഗങ്ങളുടേയും ജീവിതമുഹൂര്‍ത്തങ്ങളുടെയും ദൃശ്യങ്ങള്‍ വേദിയില്‍ തെളിഞ്ഞപ്പോള്‍ പലരും കണ്ണീരണിഞ്ഞു.

പൂക്കളും കെ.എം മാണിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രങ്ങളുമായാണ് പലരുമെത്തിയത്. കെ.എം മാണിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ ഓര്‍മ്മിപ്പിക്കുന്നതരത്തില്‍ നിരവധി സ്ത്രീകളും, കുട്ടികളുമടക്കം ജനസഹസ്രങ്ങളാണ് സ്മൃതി സംഗമത്തില്‍ പങ്കെടുത്തത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകര്‍ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ കോട്ടയത്തേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അണമുറിയതെ  വിവിധ ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ സംഗമം 3 മണിയോടെ പൂര്‍ത്തിയാക്കുകയായിരുന്നു. പാര്‍ട്ടി ഭാരവാഹികളായ ഫിലിപ്പ് കുഴികുളം, വിജി എം.തോമസ്, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, ജോസ് ടോം, സണ്ണി പാറപ്പറമ്പില്‍, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

error: Content is protected !!