ചെറുവള്ളി ദേവീക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു ; വേദനയോടെ ആരാധകർ അന്തിമോപചാരമർപ്പിച്ചു
ചെറുവള്ളി : ചെറുവള്ളി നിവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗത്തെപ്പോലെയായിരുന്ന, ചെറുവള്ളി ദേവീക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. 80 വയസ്സിലേറെ പ്രായമുള്ള ആന, ഒരു വർഷത്തിലേറെയായി പ്രായാധിക്യത്തിന്റെ അവശതയിലായിരുന്നു . നൂറുകണക്കിനാൾക്കാർ പങ്കെടുത്ത വിലാപയാത്രയായാണ് ആനയെ ദഹിപ്പിക്കുവാൻ കൊണ്ടുപോയത് .
ചൊവ്വാഴ്ച പുലർച്ചെ 5.45-നാണ് ക്ഷേത്രത്തിന് സമീപത്തെ ആനത്തറിയിൽ അന്ത്യം സംഭിച്ചത് . ഒരുമാസം മുൻപ് വീണുപോയ ആന പടങ്ങിന്റെ സഹായത്താൽ നിൽക്കുകയായിരുന്നു.
കുസുമത്തിന്റെ വേർപാട് അറിഞ്ഞ് ഗ്രാമവാസികളും സമീപദേശങ്ങളിലെ ആനപ്രേമികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചെറുവള്ളിയിലെത്തി. ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, ദേവസ്വം ബോർഡംഗം ജി. സുന്ദരേശൻ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, ദേവസ്വം ബോർഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ എസ്. സുനിൽകുമാർ, മുണ്ടക്കയം അസി.കമ്മിഷണർ ആർ. പ്രകാശ്, ചെറുവള്ളി സബ്ഗ്രൂപ്പ് ഓഫീസർ വി.കെ. അശോക് കുമാർ, ഉപദേശകസമിതിയംഗങ്ങൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
കാവുംഭാഗം വാഴുവേലിൽ വിജയചന്ദ്രൻ നായരുടെ പുരയിടത്തിലാണ് ജഡം ദഹിപ്പിച്ചത്. നൂറുകണക്കിനാൾക്കാർ പങ്കെടുത്ത വിലാപയാത്രയായാണ് ഇവിടെ എത്തിച്ചത്. കാഞ്ഞിരപ്പള്ളിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.ബിനു ഗോപിനാഥ്, വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ.അനുമോദ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി.
ശ്വാസകോശത്തിലെ അണുബാധയും നീർക്കെട്ടുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു തേറ്റ മാത്രമാണ് കുസുമത്തിനുണ്ടായിരുന്നത്. ഇത് വനംവകുപ്പുദ്യോഗസ്ഥർക്ക് കൈമാറി.
ചെറുവള്ളി നിവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗത്തെപ്പോലെയായിരുന്നു കുസുമം. വനംവകുപ്പിൽ നിന്ന് 1993-ലാണ് നാട്ടുകാർ കുസുമത്തെ വാങ്ങി ക്ഷേത്രത്തിൽ നടക്കിരുത്തിയത്. തേക്കടിയിൽ സഞ്ചാരികളുടെ സവാരിക്കുപയോഗിക്കുകയായിരുന്നു അതുവരെ.
അവശതയിലാകുന്നതിന് മുൻപ് നാട്ടിലെ ഏതുവിശേഷത്തിനും കുസുമവും പാപ്പാന്മാരും ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. വിവാഹം, പിറന്നാൾ തുടങ്ങി ആഘോഷങ്ങൾക്ക് ഓരോ വീട്ടിലുമെത്തും. കുട്ടികളുടെ പ്രിയങ്കരിയായ ആനയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ഊണ് വീട്ടുകാർ നൽകിയിരുന്നു. പാപ്പാൻ രഘുനാഥനായിരുന്നു ഏറെക്കാലം പരിപാലിച്ചിരുന്നത്. പാപ്പാനായ ബാബുരാജായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കുസുമത്തിനെ പരിപാലിച്ചത്.
നാട്ടുവഴികളിലൂടെ നടന്നുനീങ്ങുമ്പോൾ കടകൾക്കുമുൻപിൽ ‘പതിവ്പടി’ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന ശീലക്കാരിയായിരുന്നു. പഴം ലഭിച്ചെങ്കിൽ മാത്രമേ മുൻപോട്ടുനീങ്ങൂ. കുസുമത്തിന്റെ വേർപാടോടെ ദേവസ്വം ബോർഡിന് പുനലൂർ ഉമ മാത്രമാണ് ഇനിയുള്ള പിടിയാന. 2012-ൽ ദേവസ്വംബോർഡിന്റെ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ പിടിയാന വൈജയന്തി ചരിഞ്ഞിരുന്നു