ടാപ്പിംഗ് മെഷീനുകൾ 80% സബ്സിഡി നിരക്കിൽ
കാഞ്ഞിരപ്പള്ളി : ടാപ്പിംഗ് മെഷീനുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കും എന്ന് റബ്ബർ ബോർഡ് ചെയർമാൻ ഡോ.സാവർധനാനിയ അറിയിച്ചു. 80% സബ്സിഡി നിരക്കിൽ ഉല്പാദക സംഘങ്ങൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തമ്പലക്കാട് റബ്ബർ ഉല്പാദക സംഘത്തിൽ സംഘടിപ്പിച്ച ഓട്ടോമേറ്റഡ് ടാപ്പിംഗ് മെഷീൻ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭോലാനാഥ് പ്രിസിഷൻ എൻജീനിയർ .ലിമിറ്റഡ് കമ്പനിയുടെ ടാപ്പിംഗ് മെഷീനാണ് നിലവിൽ അംഗീകാരം ഉള്ളത്. ഒറ്റത്തവണ ചാർജ്ജ് ചെയ്താൽ 700 മരം വരെ ടാപ്പ് ചെയ്യാനാകും. BHRT 2000, BHRT 3000 VT എന്നീ രണ്ടു മോഡലുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. വിപണി വില 30000/ രൂപയാണ്. 6000/ രൂപയ്ക്ക് ഉല്പാദകസംഘം വഴി മെഷീൻ ലഭിക്കും. കേന്ദ്രഗവൺമെന്റിന്റെ (സബ് മിഷൻ ഓൺ അഗ്രിക്കൾച്ചർ മെക്കനൈസേഷൻ) വഴിയാണ് സബ്സിഡി ലഭ്യമാകുന്നത്. നിലവിൽ ടാപ്പിംഗ് അറിയാത്തവർക്കും ഈ മെഷീൻ അനായാസം ഉപയോഗിക്കാനാകും. കാഞ്ഞിരപ്പള്ളി റബ്ബേഴ്സ് വഴി ഏപ്രിൽ 15 മുതൽ വിതരണം ആരംഭിക്കും. ട്രെയിനിംഗ് പരിപാടിയിൽ റബ്ബർ ബോർഡ് മെമ്പർമാരായ പി.രവീന്ദ്രൻ, ജോർജ്കുട്ടി റ്റി.പി., കോര സി.ജോർജ് എന്നിവർ സംസാരിച്ചു. തമ്പലക്കാട് റബ്ബർ ഉല്പാദകസംഘം പ്രസിഡന്റ് ജോൺ കപ്പിയാങ്കൽ റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ പി.ജി. സുനിൽ എന്നിവർ പങ്കെടുത്തു. ദോലാനാഥ് കമ്പനി മാനേജർ അമൽ തോമസ് ക്ലാസ്സുകൾ നയിച്ചു. അസിസ്റ്റന്റ് ഡവലപ്മെന്റ് ഓഫീസർ ജോയി ജോൺ, കാഞ്ഞിരപ്പള്ളി റബ്ബേഴ്സ് മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ ബി. എന്നിവർ പ്രസംഗിച്ചു.. വിവിധ പ്രദേശങ്ങളിൽ നിന്നും 150ഓളം കർഷകരും പങ്കെടുത്തു.