നിരാലംബരായ അമ്മമാർക്ക് തണലേകിയ മറിയാമ്മച്ചേടത്തി യാത്രയായി
മുണ്ടക്കയം: അശരണരും ആലംബഹീനരുമായ അമ്മമാർ ക്ക് ആശ്രയമായി മാറിയ അമരാവതി പുത്തൻപുരയ്ക്കൽ മറിയാമ്മച്ചേടത്തി യാത്രയായി.
മാതാപിതാക്കൾ മരിച്ചതോടെ തനിച്ചായിരുന്നു മറിയാമ്മച്ചേടത്തിയുടെ ജീവിതം. പശുവിനേയും ആടിനേയും കോഴിയെയുമെല്ലാം വളർത്തിയും റബറും കൊക്കോയുമെല്ലാം കൃഷി ചെയ്തും മറിയാമ്മച്ചേടത്തി ഒരേക്കർ സ്ഥലവും വീടും സ്വന്തമാക്കി. കഠിനാധ്വാനത്തോടൊപ്പം പ്രാർഥനയായിരുന്നു മറിയാമ്മയുടെ മുഖമുദ്ര. പണ്ടുകാലം മുതൽ വീട്ടിൽ മറ്റുള്ളവരെ വിളിച്ചുചേർത്ത് പ്രാർഥനകൾ സംഘടിപ്പിക്കുകയും ആരോരുമില്ലാത്തവർക്ക് ആശ്രയമായിമാറുകയും ചെയ്തിരുന്നു. സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെടുന്ന അമ്മമാർക്ക് കൈത്താങ്ങായി മാറണം എന്നായിരുന്നു മറിയാമ്മച്ചേടത്തിയുടെ ആഗ്രഹം. ഇതിനായി 10 വർഷങ്ങൾക്കു മുമ്പ് മറിയാമ്മച്ചേടത്തി താൻ അധ്വാനിച്ചുണ്ടാക്കിയ വീടും സ്ഥലവുമെല്ലാം കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കൈമാറി. മാനസിക രോഗികളായ അമ്മമാരെ സഹായിക്കുവാൻ അവർക്കായി ഒരു മന്ദിരം ഒരുക്കണമെന്നായിരുന്നു ആവശ്യം.
ഇതോടെ ഫാ. റോയി വടക്കേലിന്റെ നേതൃത്വത്തിൽ സ്നേഹഗിരി സന്യാസ സമൂഹത്തിലെ സന്യാസിനിമാരുടെ സഹായത്തോടെ മറിയാമ്മച്ചേടത്തിയുടെ അമരാവതിയിലെ വീട്ടിൽ മരിയ ഭവൻ എന്ന അഗതിമന്ദിരത്തിനു തുടക്കമായി. ആരോരുമില്ലാത്ത പ്രായമായ അമ്മമാർക്ക് ഈ അഭയ കേന്ദ്രം പിന്നീട് തുണയായി മാറി. മറിയാമ്മച്ചേടത്തിയും സിസ്റ്റർമാർക്കൊപ്പം സേവന രംഗത്തുണ്ടായിരുന്നു. ഇന്ന് മദർ റോസ് ടോമിന്റെയും രണ്ട് സന്യാസിനിമാരുടെയും നേതൃത്വത്തിൽ ഇരുപതോളം പ്രായമായ അമ്മമാർക്ക് മരിയ ഭവനിൽ സംരക്ഷണം ഒരുക്കുന്നുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ വേർപാട് മരിയ ഭവൻ അന്തേവാസികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തന്റെ ജീവിതവും സമ്പാദ്യവുമെല്ലാം അശരണർക്കും ആലംബ ഹീനർക്കുമായി മാറ്റിവെച്ച മറിയാമ്മച്ചേടത്തി പൊതുസമൂഹത്തിന് വലിയ മാതൃകയായിരുന്നു.
മൃതസംസ്കാരം (27 -04 – 2023 വ്യാഴം രാവിലെ 11.30 ന് മരിയ ഭവനിൽ ആരംഭിക്കുന്നതും 12.15 ന് പുഞ്ചവയൽ സെ. സെബാസ്റ്റ്യൻ സ് ദേവാലയത്തിൽ കാത്തിരപ്പള്ളി രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസ് പുളിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതുമാണ്.