വേങ്ങത്താനം അരുവി പദ്ധതി സമർപ്പണം
കാത്തിരപ്പള്ളി: ടൂറിസം മാപ്പിലേക്ക് കടക്കുന്ന വേങ്ങത്താനം അരുവി പദ്ധതി 30ന് മന്ത്രി അഡ്വ.പി. എ മുഹമ്മദ് റിയാസ് ജനങ്ങൾക്ക് സമർപ്പിക്കും. പകൽ 2.30 ന് ഓൺലൈനിലൂടെയാണ് ഇത് സമർപ്പിക്കുക . പാറത്തോട്, പൂഞ്ഞാർ, തിടനാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ മാളിക പ്രദേശത്തെ പ്രകൃതിരമണീയമായ വേങ്ങത്താനം അരുവി വെള്ളച്ചാട്ടം സഞ്ചാരികളുടെ പറുദീസയാണ്. എന്നാൽ കാലങ്ങളായി യാതൊരു അടിസ്ഥാന സൗകര്യങ്ങളും, സുരക്ഷിതത്വ ക്രമീകരണങ്ങളും ഇല്ലാതിരുന്നതു മൂലം വെള്ളച്ചാട്ടത്തിൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പല മരണങ്ങൾക്കും ഇടവന്നിട്ടുണ്ട്. സമീപനാളിലും ആനക്കല്ല് സ്വദേശിയായ ഒരു യുവാവ് വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട് മരണമടയുകയുണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുത്തു കൊണ്ട് ഈ വെള്ളച്ചാട്ടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുകയും, അതിൽ തന്നെ സുരക്ഷിതത്വത്തിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ട് പൂഞ്ഞാർ എം. എൽ. എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതിനെ തുടർന്ന് അടിസ്ഥാന സൗകര്യ വികസനത്തിനും, സുരക്ഷിതത്വ ക്രമീകരണങ്ങൾക്കുമായി ടൂറിസം വകുപ്പിൽ നിന്നും 28 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇപ്പോൾ ഈ തുക ഉപയോഗിച്ച് സുരക്ഷിതത്വ വേലികൾ, വ്യൂ പോയിന്റ്, വെള്ളച്ചാട്ടത്തിലേയ്ക്ക് ഇറങ്ങുന്നതിന് കവേർഡ് ലാഡർ തുടങ്ങി സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കപ്പെട്ടിരിക്കുകയാണ് . ഇപ്പോൾ നിർമ്മാണങ്ങൾ പൂർത്തീകരിച്ചു.ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവർത്തനം ജില്ലാ ടൂറിസം കൗൺസിലിന്റെ സഹകരണത്തോടുകൂടി പാറത്തോട് ഗ്രാമ പഞ്ചായത്തിന് കൈമാറുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ അറിയിച്ചു.
:നയന മനോഹരമായ 150 അടിയോളം താഴ്ചയിലേക്കുള്ള ഈ വെള്ളച്ചാട്ടം, ഉയർന്ന മലനിരയായ കോതചാടിപ്പാറ, പ്രകൃതിദത്തമായ ഗുഹ എന്നിവയൊക്കെ വേങ്ങത്താനം അരുവിയുടെ ആകർഷണങ്ങളാണ്. സഞ്ചാരികൾക്ക് വ്യൂ പോയിന്റിൽ നിന്ന് ഇവയൊക്കെ ദർശിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ സ്റ്റെപ്പ് കെട്ടി താഴ് വാരത്തിലെത്തിയും വെള്ളച്ചാട്ടം ദർശിക്കാൻ കഴിയും വിധം മറ്റ് കൂടുതൽ സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തി ടൂറിസം പദ്ധതി രണ്ടാംഘട്ടവും ആവിഷ്കരിച്ച് നടപ്പിലാക്കി ആഭ്യന്തര- വിദേശ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ തക്കവണ്ണം ഈ ടൂറിസം കേന്ദ്രം വികസിപ്പിക്കുമെന്നും