ബഫർ സോൺ ഇളവുകൾ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾക്ക് ഗുണമാവില്ല, സർക്കാരിന്റെ കനിവ് തേടി ഒരു ജനത ..

കണമല : ബഫർ സോണിൽ ഇളവുകൾ അനുവദിച്ച സുപ്രീം കോടതി വിധിയെ പരക്കെ സ്വാഗതം ചെയ്യുമ്പോൾ നിരാശയിൽ പമ്പാവാലി, എയ്ഞ്ചൽവാലി നിവാസികൾ . പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ നിന്നും പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ പൂർണമായി ഒഴിവാക്കപ്പെട്ടെങ്കിൽ മാത്രമാണ് സുപ്രീം കോടതിയുടെ പുതിയ വിധി നാട്ടുകാർക്ക് ആശ്വാസമാവുക. ഇതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്ന് പമ്പാവാലി വാർഡ് അംഗവും പഞ്ചായത്ത്‌ പ്രസിഡന്റ്മായ മറിയാമ്മ സണ്ണി ആവശ്യപ്പെട്ടു.

ടൈഗർ റിസർവിൽ നിന്ന് പ്രദേശത്തെ ഒഴിവാക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ ഇതിനുള്ള റിപ്പോർട്ട് നൽകിയാൽ അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് പമ്പാവാലിയിലെ ജനകീയ സമിതി ഭാരവാഹികൾ നിവേദനം നൽകിയപ്പോൾ കേന്ദ്ര വനം – പരിസ്ഥിതി വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഇതുവരെ റിപ്പോർട്ട് നൽകിയില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ ജനുവരി 19 ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത വന്യജീവി ബോർഡിന്റെ ഉന്നത തല യോഗത്തിൽ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇത് സംബന്ധിച്ച് ശുപാർശ കേന്ദ്രത്തിലേക്ക് നൽകുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ ശുപാർശ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായ വിവരമെന്ന് എയ്ഞ്ചൽവാലി വാർഡ് അംഗം മാത്യു ജോസഫ് പറഞ്ഞു. കടുവാ സങ്കേതത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതോടൊപ്പം 2011 ൽ ഏർപ്പെടുത്തിയ പ്രത്യേക ബഫർ സോൺ പരിധിയിൽ നിന്നും പ്രദേശങ്ങളെ ഒഴിവാക്കണമെന്നും ആവശ്യം ശക്തമാണ്. എങ്കിൽ മാത്രമേ ബഫർ സോണിൽ നിന്ന് പ്രദേശങ്ങൾ പൂർണമായി ഒഴിവാകുകയുള്ളൂ.

error: Content is protected !!