നാടു കാണാൻ ആനവണ്ടിയിൽ എം. എൽ. എ യും കുട്ടികളും.

കാഞ്ഞിരപ്പള്ളി: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ .എ യും വിദ്യാർഥികളുമാണ് മണ്ഡലത്തിലുടനീളം പഠന- വിനോദ യാത്ര നടത്തുന്നത്. പഠന രംഗത്തും ഇതര മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന  സമർത്ഥരായ വിദ്യാർഥികൾക്കായി എം. എൽ. എ നടത്തുന്ന ഫ്യൂച്ചർ സ്റ്റാർസ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് യാത്ര സംഘടിപ്പിക്കുന്നത്. നാളെ പമ്പാനദീതട പ്രദേശങ്ങൾ മുതൽ വാഗമൺ മലനിരകൾ വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളെ വിദ്യാർഥികൾ തൊട്ടറിയും.പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് മേഖലകളിൽ നിന്നുള്ള ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർഥികളെയാണ് പഠനയാത്രയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.

          പ്രത്യേകം ചാർട്ട് ചെയ്ത രണ്ട് കെ എസ് ആർ ടി സി ബസുകളിൽ ആയി നടത്തുന്ന പഠന യാത്രയിൽ വിദ്യാർഥികൾക്കൊപ്പം മുഴുവൻ സമയവും എം. എൽ. എയും ഉണ്ടാകും.പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ചരിത്രപരമായും,സാംസ്കാരികപരമായും പ്രാധാന്യമുള്ള സ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, പ്രമുഖ സ്ഥാപനങ്ങൾ എന്നിവയൊക്കെ സന്ദർശനത്തിന്  നാട് അറിയുക നാട്ടാരെ അറിയുക” എന്ന പേരിൽ നടത്തുന്ന യാത്രയിൽ എരുമേലി പഞ്ചായത്തിലെ പമ്പ,അഴുത നദികളുടെ സംഗമ സ്ഥാനവും,  ശബരിമല കാനന പാത ഉൾപ്പെടെയുള്ള വനമേഖലയും, പെരുന്തേനരുവി ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ട്  ശബരിമലയുടെ പ്രവേശന കവാടവും മതസൗഹാർദ കേന്ദ്രവുമായ എരുമേലി കൊച്ചമ്പലം, വലിയമ്പലം, വാവർ പള്ളി,  പേട്ട തുള്ളൽ പാതകൾ എന്നിവിടങ്ങൾ എം .എൽ . എ യ്ക്ക് ഒപ്പം വിദ്യാർഥികൾ സന്ദർശിക്കും.

       പൂഞ്ഞാർ രാജാകൊട്ടാരം മുതൽ വിഴിക്കത്തോട് ഹോം ഗ്രോൺ കാർഷിക നഴ്സറി,  പാറത്തോട് മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, മുണ്ടക്കയം ജനമൈത്രി പോലീസ് സ്റ്റേഷൻ,  ഈരാറ്റുപേട്ട അങ്കാളമ്മൻ കോവിൽ,  നൈനാർ മസ്ജിദ്,  അരുവിത്തുറ പള്ളി എന്നിവിടങ്ങളിലും യാത്രാ സംഘം എത്തും.

തുടർന്ന് വാഗമൺ മലനിരകളുടെ മനോഹാരിത ആസ്വദിക്കാനും  എം. എൽ .എ യും കുട്ടികളും പോകും.

          കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് ആണ് ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ.  അധ്യാപകരായ ഇബ്രാഹിംകുട്ടി പി.എ,  ആർ.ധർമ്മ കീർത്തി,  നോബി ഡൊമിനിക്, നിയാസ് എം.എച്ച്  ,  അഭിലാഷ് ജോസഫ്,  ജോർജ് കരുണയ്ക്കൽ, പ്രൊഫ.  ടോമി ചെറിയാൻ, ഡോ.  മാത്യൂ കണമല, ജോബിൻ സ്കറിയ,  മാർട്ടിൻ ജെയിംസ്, എം.പി രാജേഷ്, ഡോമിനിക് കല്ലാടൻ, പ്രൊഫ.  ബിനോയ് സി.ജോർജ്,  എലിസബത്ത് തോമസ് എന്നിവരാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

error: Content is protected !!