നാടിനേയും നാട്ടാരെയും കണ്ടറിഞ്ഞ് എംഎൽഎയ്‌ക്കൊപ്പം ആനവണ്ടിയിൽ പഠന – വിനോദ യാത്ര..

എരുമേലി : പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനൊപ്പം മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൽ രണ്ട് കെഎസ്ആർടിസി ബസുകളിൽ പമ്പ മുതൽ വാഗമൺ വരെ നാടിനെയും നാട്ടാരെയും കണ്ടറിഞ്ഞ് നടത്തിയ പഠന – വിനോദ യാത്ര വേറിട്ട അനുഭവമായി. എരുമേലിയിൽ സ്വാതന്ത്ര്യസമരസേനാനി എം. കെ രവീന്ദ്രൻ വൈദ്യർ ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയ്ക്ക് തുടക്കം കുറിച്ചു.

ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടവും, മതസൗഹാർദ്ദ കേന്ദ്രവുമായ എരുമേലിയിൽ കൊച്ചമ്പലം, വലിയമ്പലം, വാവർ പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം യാത്രാ സംഘം പമ്പാനദിയിലെ പെരുന്തേനരുവി ഡാമും, വെള്ളച്ചാട്ടവും, ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്റ്റും സന്ദർശിച്ചു. തുടർന്ന് അഴുതക്കടവിൽ പരമ്പരാഗത ശബരിമല കാനന പാതയും, മുണ്ടക്കയം ജനമൈത്രി പോലീസ് സ്റ്റേഷനും കണ്ട കുട്ടികൾ പാറത്തോട് മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയിലെ വിവിധ പ്രവർത്തനങ്ങളും കണ്ടു മനസ്സിലാക്കി.

തുടർന്ന് പൂഞ്ഞാർ രാജകൊട്ടാരം സന്ദർശിച്ച കുട്ടികൾ ഇപ്പോഴത്തെ മുതിർന്ന രാജകുടുംബാംഗം ശ്യാമള ദേവി തമ്പുരാട്ടിയെ സന്ദർശിച്ച് രാജഭരണ കാലത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് വാഗമണ്ണിൽ എത്തി വാഗമൺ മലനിരകളുടെ പ്രകൃതിസൗന്ദര്യം ആസ്വദിച്ച കുട്ടികൾ ഈരാറ്റുപേട്ടയിൽ അരുവിത്തുറ പള്ളി, അങ്കാളമ്മൻ കോവിൽ, നൈനാർ മസ്ജിദ് എന്നീ ആരാധനാലയങ്ങൾ സന്ദർശിച്ച് യാത്ര അവസാനിപ്പിച്ചു.

എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ഭാഗമായാരുന്നു പഠന യാത്ര. എംഎൽഎ യും മണ്ഡലത്തിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി ക്ലാസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികളും അദ്ധ്യാപകരുമായിരുന്നു യാത്രാ സംഘത്തിൽ. മണ്ഡലത്തിലെ ചരിത്ര, സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളും ടൂറിസം കേന്ദ്രങ്ങളും പ്രമുഖ സ്ഥാപനങ്ങളും സന്ദർശിച്ച യാത്രയുടെ പേര് “നാട് അറിയുക നാട്ടാരെ അറിയുക”. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആയ ഡോ. ആൻസി ജോസഫ് അധ്യാപകരായ ഇബ്രാഹിംകുട്ടി പി.എ, ആർ.ധർമ്മകീർത്തി, നോബി ഡൊമിനിക്, നിയാസ് എം.എച്ച് , അഭിലാഷ് ജോസഫ്, ജോർജ് കരുണയ്ക്കൽ, എം. ജി സുജ,പ്രൊഫ. ടോമി ചെറിയാൻ, ഡോ. മാത്യൂ കണമല, ജോബിൻ സ്കറിയ, മാർട്ടിൻ ജെയിംസ്, എം.പി രാജേഷ്, ഡോമിനിക് കല്ലാടൻ, പ്രൊഫ. ബിനോയ് സി.ജോർജ്, എലിസബത്ത് തോമസ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

error: Content is protected !!