എയ്ഞ്ചൽവാലി പുലിപ്പേടിയിൽ… വീടിന്റെ പരിസരത്ത് രണ്ട് പുലികളെ കണ്ടെന്ന് നാട്ടുകാർ.
കണമല : കാട്ടുമൃഗങ്ങളുടെ ശല്യം മൂലം പൊറുതിമുട്ടിയ എയ്ഞ്ചൽവാലി പ്രദേശത്ത്, പുലി ഇറങ്ങിയതായി അഭ്യൂഹം..
പട്ടാപ്പകൽ വീടിനടുത്ത് രണ്ട് പുലികളെ കണ്ടതിന്റെ നടുക്കത്തിലാണ് എയ്ഞ്ചൽ വാലി മാട്ടേൽ ജെയിംസ് (62), ഭാര്യ ഡെയ്‌സി, അയൽവാസി കാരുവള്ളിൽ ജോയി, ഭാര്യ ലീലാമ്മ എന്നിവർ .
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പറമ്പിൽ നിന്നും കുരങ്ങുകളുടെ അസാധാരണമായ നിലവിളി കേട്ട് ഓടിചെന്നപ്പോഴാണ് പുലികളെ കണ്ടതെന്ന് ഇവർ പറഞ്ഞു. രണ്ട് പുലികളും അൽപ സമയത്തിന് ശേഷം ആളുകൾ താമസം ഇല്ലാതെ കാട് പിടിച്ചു കിടക്കുന്ന അടുത്തുള്ള പറമ്പിലേക്ക് ചാടി മറഞ്ഞെന്ന് ഇവർ പറയുന്നു. പുലികളെ കണ്ട് കുരങ്ങുകൾ നിലവിളിച്ചതാണെന്ന് ഇതോടെ ഇവർക്ക് ബോധ്യമായി.
വിവരം വനം വകുപ്പിന്റെ എഴുകുംമണ്ണ് റേഞ്ച് ഓഫീസിൽ ഉടനെ അറിയിച്ചു. ഇതോടെ അര മണിക്കൂറിനുള്ളിൽ വനപാലകർ എത്തി പരിശോധന നടത്തി. കാടുകൾ ഞെരിച്ച നിലയിൽ കണ്ടെത്തി. ഏതോ ജീവിയെ പിടികൂടിയതിന്റെ ലക്ഷണങ്ങളായി രോമങ്ങളും കണ്ടെത്തി. പുലികൾ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് വനപാലകർ. പുലിയുടെ സാന്നിധ്യം കണ്ടെത്താൻ ക്യാമറകളും പിടികൂടാൻ കെണിയും സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ വനാതിർത്തിയിൽ മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ ഷോക്ക് നൽകുന്ന സൗര വൈദ്യുത വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞയിടെ ഇടവക പള്ളിയിലെ തിരുനാൾ പരിപാടിക്കിടെ റോഡിന് സമീപം പുലിയെ കണ്ടിരുന്നെന്ന് ജെയിംസ് പറഞ്ഞു. മുമ്പും പല തവണ പുലിയുടെ സാന്നിധ്യം മനസിലാക്കിയിട്ടുണ്ടെന്നും താനും അയൽവാസികളും ഇന്നലെ കണ്ടത് പുലിയെ തന്നെ ആണെന്നും ജെയിംസ് ഉറപ്പിച്ച് പറയുന്നു. ജെയിംസിന്റെ വീടിനടുത്ത് 200 മീറ്റർ അകലെ വനമാണ്. ഇതിനോട് ചേർന്നാണ് പറമ്പും കൃഷിയും. പറമ്പിൽ നിരവധി കുരങ്ങുകളും മലയണ്ണാൻമാരും എത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. രണ്ട് വർഷം മുമ്പ് വരെ ആനകളുടെ ശല്യമുണ്ടായിരുന്നെന്ന് ജെയിംസും അയൽവാസികളും പറഞ്ഞു. വന്യ മൃഗങ്ങൾ തുടർച്ചയായി കാടിറങ്ങിക്കൊണ്ടിരിക്കുന്നത് മൂലം ഇവരെല്ലാം ഭീതിയിലാണ്. വാഗ്ദാനങ്ങൾ അല്ലാതെ സുരക്ഷാ നടപടികൾ വനം വകുപ്പിൽ നിന്നുമുണ്ടാകുന്നില്ല. പലയിടത്തും നാട്ടുകാർ പുലിയെ കണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് വനപാലകർ സ്ഥിരം പരിശോധന നടത്തി മടങ്ങും. പിന്നെ തുടർ നടപടികളുണ്ടാകുന്നില്ല. പകൽ പോലും ഭയന്നാണ് വീട്ടിൽ കഴിയുന്നത്. പറമ്പിൽ കൃഷി ചെയ്യുമ്പോൾ ഭീതിയാണ്. എന്നാണ് ഇതിന് ശാശ്വത പരിഹാരമുണ്ടാവുകയെന്ന് കർഷകനും വയോധികനുമായ ജെയിംസ് ചോദിക്കുന്നു.