ആശങ്കാജനകം : ഇന്ത്യയിലെ 29 ശതമാനം കോവിഡ് രോഗികളും കേരളത്തിൽ ; രോഗവ്യാപനത്തിൽ സംസ്ഥാനം ഒന്നാമത്
ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലായെങ്കിലും, നിലവിൽ കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ 29 ശതമാനവും കേരളത്തിൽ നിന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . രോഗവ്യാപനത്തിൽ സംസ്ഥാനം ഒന്നാമതായെന്ന ദുരവസ്ഥയുമുണ്ട്. കേന്ദ്ര കോവിഡ് നിയന്ത്രണവിഭാഗം നടത്തിയ കണക്കെടുപ്പിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിലെ ആശങ്ക വ്യക്തമായത്. സംസ്ഥാനത്ത് 65,252 പേരാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. കോവിഡ് മരണം ഇതുവരെ 3,209. നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,270 പേരാണ് ഇപ്പോൾ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്.
സംസ്ഥാനത്ത് 65,252 പേരാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. മഹാരാഷ്ട്രയിൽ 51,969 രോഗികളുണ്ട്. രണ്ട് സംസ്ഥാനങ്ങളിലെയും കോവിഡ് രോഗികളുടെ എണ്ണം രാജ്യത്തെ ആകെ രോഗികളുടെ 50 ശതമാനമാണ്.
മരണനിരക്കിന്റെ കാര്യത്തിൽ കേരളത്തിന് ആശ്വസിക്കാം. മഹാരാഷ്ട്രയിളേക്കാൾ കുറഞ്ഞ മരണനിരക്കാണ് കേരളത്തിൽ. മഹാരാഷ്ട്രയിൽ ഇതുവരെ 49,825 പേർ കോവിഡ് മൂലം മരിച്ചു. കേരളത്തിൽ മരണം 3,209. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്‌നാടാണ് മരണനിരക്കിൽ മുൻപിൽ; വ്യാഴാഴ്ചവരെ 12,188 പേർ മരിച്ചു. കർണാടക-12,124, ആന്ധ്രപ്രദേശ്-7,125, തെലങ്കാന-1,559 എന്നിങ്ങനെയാണ് മരണനിരക്ക്.
കേരളം കോവിഡ് പരിശോധനയിൽ മുൻനിരയിലുള്ള സംസ്ഥാനമാണ്. ചില സംസ്ഥാനങ്ങൾ പരിശോധനയിൽ ഉദാസീനത കാട്ടുന്നതിനെതിരേ കേന്ദ്ര ആരോഗ്യസെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നതിനാൽ രോഗബാധിതരെ കണ്ടെത്തുന്നതിൽ വീഴ്ചവരുത്തുന്നതായാണ് വിലയിരുത്തൽ. ഇതിലൂടെ രോഗപ്പകർച്ചയുടെ യഥാർഥചിത്രം ദേശീയതലത്തിൽ കിട്ടുന്നില്ല. മാത്രമല്ല, പരിശോധനകളുടെ കുറവ് കൂടുതൽപേരിലേക്ക് രോഗം പകരുന്നതിനും ഇടയാക്കുന്നു.
അതിതീവ്രവൈറസിന്റെ സാന്നിധ്യം രാജ്യത്തിന്റെ പലഭാഗത്തും കണ്ടെത്തിയതിനാൽ കൂടുതൽ കാര്യക്ഷമമായി കോവിഡ് പരിശോധന നടത്താൻ സംസ്ഥാന ആരോഗ്യമന്ത്രാലയങ്ങൾക്ക് നിർദേശം നൽകി.