എരുമേലി ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീണു : യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു

എരുമേലി : പഞ്ചായത്ത്‌ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീണു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഭാഗത്തേയ്ക്ക് കോൺക്രീറ്റ് ഭാഗങ്ങൾ വീഴുകയായിരുന്നു.

രണ്ടു വർഷം മുൻപ് അപകടാവസ്ഥയിൽ ആയിരുന്ന ഭാഗങ്ങൾ അറ്റകുറ്റപണി നടത്തി ബലപ്പെടുത്തിയിരുന്നു. അന്ന് പ്ലാസ്റ്ററിങ് നടത്താതെയിരുന്ന ഭാഗങ്ങൾ ആണ് പിന്നീട് അടർന്നു വീണത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ ഇളകി വീഴുന്നത്. യാത്രക്കാർ നിൽക്കുന്നിടങ്ങൾ കൂടാതെ ശൗചാലയങ്ങൾക്ക് ഉൾവശത്തും കോൺക്രീറ്റ് പൊളിഞ്ഞ് അപകടാവസ്ഥയിലാണ്.

1984 ലാണ് ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന് 39 വർഷത്തെ പഴക്കമായി. പലയിടങ്ങളിലും കോൺക്രീറ്റ് അടർന്നു വീണ് കമ്പി തെളിഞ്ഞ അവസ്ഥയിലാണ്. ഇതേ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസും പഞ്ചായത്ത്‌ ലൈബ്രറി റീഡിങ് റൂമും ഇരുപതോളം കടകളും പ്രവർത്തിക്കുന്നത്. ഈർപ്പവും മഴവെള്ളവും വീണ് കമ്പികൾ തുരുമ്പിച്ച നിലയിലായതോടെ മഴക്കാലത്ത് ജീവൻ കയ്യിലെടുത്തു നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. സ്കൂൾ തുറക്കുന്നതോടെ നൂറുകണക്കിന് വിദ്യാർഥികളും യാത്രക്കാരും കാത്തു നിൽക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിടം സുരക്ഷിതമാക്കണമെന്ന് ആവശ്യം ശക്തമായി.

ബസ് സ്റ്റാൻഡ് പുതുക്കി പണിയുമെന്ന് പഞ്ചായത്തിന്റെ കഴിഞ്ഞ 15 വർഷത്തെ ഓരോ ബജറ്റിലും കാണാം. അടുത്ത വർഷവും പ്രഖ്യാപനം പ്രതീക്ഷിക്കാം.1995 ൽ മോളി മാത്യുവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണത്തിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പൊളിച്ചു പണിയാൻ ആദ്യം പദ്ധതി ഒരുങ്ങിയത്. എറണാകുളം വൈറ്റില ഹബ്ബ് മാതൃകയിൽ സ്റ്റാൻഡ് നിർമിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന് രണ്ട് കോടി രൂപ വായ്പ നൽകാമെന്ന് അറിയിച്ച നഗര ഗ്രാമ ധനകാര്യ കോർപ്പറേഷൻ എം ഡി ഉൾപ്പടെ ഉള്ളവർ അന്ന് സ്റ്റാൻഡ് സന്ദർശിച്ച് മടങ്ങി. വായ്പ കിട്ടാൻ പഞ്ചായത്തിന്റെ ആസ്തി ബാധ്യതകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകി. വായ്പ തിരിച്ചടക്കാനുള്ള പഞ്ചായത്തിന്റെ ശേഷി തൃപ്തികരമാണെന്ന് കോർപ്പറേഷൻ അറിയിച്ചു. പക്ഷെ, സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ആധാരം ഈട് നൽകണമെന്ന നിബന്ധന തടസമായി മാറുകയായിരുന്നു. രേഖകൾ ലഭ്യമായിരുന്നില്ല. ഇവ സർവേ വകുപ്പിന്റെ സഹായത്തോടെ വീണ്ടെടുത്തു നൽകിയപ്പോൾ യുഡിഎഫിൽ അടുത്ത പ്രസിഡന്റ് ചുമതലയേറ്റു. പിന്നീട് നടപടികൾ ഇഴഞ്ഞു. കാലാവധി പൂർത്തിയാക്കി യുഡിഎഫ് അധികാരമൊഴിയുമ്പോഴും ബജറ്റിൽ പ്രഖ്യാപനമായി മാറിയതല്ലാതെ പദ്ധതി നടപ്പിലായില്ല.

ബസ് പാർക്കിംഗ് ഏരിയ കോൺക്രീറ്റ് ചെയ്തതും കെട്ടിടം പെയിന്റ് ചെയ്തതും ഉൾപ്പടെ അറ്റകുറ്റപണികൾ അല്ലാതെ പുനർ നിർമാണമൊന്നും യുഡിഎഫ് ഭരണത്തിൽ നടന്നില്ല. തുടർന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് ഭരണസമിതി അഞ്ച് വർഷം തുടരുമ്പോഴും ബജറ്റിൽ പ്രഖ്യാപിക്കുന്നതല്ലാതെ സ്റ്റാൻഡ് നിർമാണ പദ്ധതിയിലേക്ക് കടന്നില്ല. പകരം സ്റ്റാൻഡിൽ അറ്റകുറ്റപണികൾ ആവർത്തിച്ചു കൊണ്ടിരുന്നു. മേൽക്കൂര റൂഫിങ്, പ്ലാസ്റ്ററിങ്, ഉൾപ്പടെ വിവിധ അറ്റകുറ്റപണികൾ നടന്നു. നിലവിൽ എൽഡിഎഫും പിന്നെ യുഡിഎഫും ഭരണത്തിലായി രണ്ടര വർഷം പിന്നിട്ട ഇപ്പോഴത്തെ ഭരണസമിതിയും സ്റ്റാൻഡ് നിർമാണ പദ്ധതിയിലേക്ക് കടന്നിട്ടില്ല. അതേസമയം ബജറ്റിൽ പ്രഖ്യാപനം തുടർന്നുകൊണ്ടിരിക്കുന്നു. സ്റ്റാൻഡിൽ സ്ഥലം പരിമിതമാണ്. കെട്ടിടം പൊളിച്ചുനീക്കി സ്ഥല വിസ്തൃതി ലഭിക്കുന്ന നിലയിൽ പുതിയ കെട്ടിടവും ആധുനിക ശുചി മുറികളുമായി ബസ് സ്റ്റാൻഡ് നിർമിച്ചാൽ അത് മികച്ച വികസന നേട്ടമായി മാറുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

error: Content is protected !!