കർഷക യൂണിയൻ (എം) ന്റെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും

എരുമേലി : ഭരണകക്ഷി സംഘടനയുടെ നേതൃത്വത്തിൽ ശനിയാഴ്ച എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും . കേരള കോൺഗ്രസ് ‌ എമ്മിന്റെ കർഷക വിഭാഗമായ കർഷക യൂണിയൻ (എം ) ന്റെ നേതൃത്വത്തിലാണ് മാർച്ചും ധർണയും നടത്തുന്നത് .
രാവിലെ 11 ന് ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ നിന്ന് മാർച്ച്‌ ആരംഭിക്കും. എൽഡിഎഫ് ജില്ലാ കൺവീനറും കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റുമായ പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യും.

. നാട്ടിൽ ഇറങ്ങുന്ന ആക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ നിയമം വേണമെന്ന് ആവശ്യപ്പെട്ടും കഴിഞ്ഞ ദിവസം കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്‌ട പരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

1972 ലെ വന്യ ജീവി സംരക്ഷണ നിയമം മാറ്റണമെന്ന് കേരള കോൺഗ്രസ്‌ എം നേതൃത്വം ആവശ്യമുന്നയിച്ചിട്ടുണ്ട്.1972 ലെ വന്യ ജീവികളുടെ കണക്കിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഈ നിയമം വർഷങ്ങൾ കഴിഞ്ഞ സ്ഥിതിക്ക് മൃഗങ്ങളുടെ പെരുപ്പം മുൻനിർത്തി പുതിയ നിയമം ആവിഷ്ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് നേതൃത്വം പറയുന്നു.

മാർച്ചിലും ധർണയിലും സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളും നേതാക്കളും പങ്കെടുക്കുമെന്ന് സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗം ജോബി നെല്ലോലപൊയ്ക, ജില്ലാ ജനറൽ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ് ജോബി ചെമ്പകത്തുങ്കൽ എന്നിവർ അറിയിച്ചു.

error: Content is protected !!