എവർഗ്രീൻ എലിക്കുളത്തിന് തുടക്കമായി
കാഞ്ഞിരപ്പള്ളി : കാർഷിക സുസ്ഥിര
വികസന പഞ്ചായത്താകുവാൻ എലിക്കുളവും.
എലിക്കുളം ഗ്രാമ പഞ്ചായത്തിനെ കാർഷിക സുസ്ഥിര പഞ്ചായത്താകുന്നതിനായി തിരഞ്ഞെടുത്തു.തൃശൂർ കിലയിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ 56 പഞ്ചായത്തുകളിൽ നിന്നാണ് എലിക്കുളം തിരഞ്ഞെടുക്കപ്പെട്ടത്.
കോട്ടയം ജില്ലയിൽ ഇത് കൂടാതെ കടുത്തുരുത്തി ബ്ലോക്കിന് കീഴിലുള്ള അറുപഞ്ചായത്തുകളാണ് ഇത്തരത്തിൽ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് പൈലറ്റ് പ്രോജക്ട്സ് നടപ്പിലാക്കുന്ന പഞ്ചായത്തുകളെയാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്. വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങളിൽ പുലർത്തിയ മികവാണ് ഇക്കാര്യത്തിൽ എലിക്കുളം പഞ്ചായത്തിനെ തിരഞ്ഞെടുക്കുവാൻ കാരണമായത്. കാർഷിക രംഗത്തെ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് കർഷകർ, കാർഷിക രംഗത്തെ വിദഗ്ധർ, പ്രൊഫഷനലുകൾ എന്നിവരുൾപ്പെടെയുള്ള ടീമാണ് എവർഗ്രീൻ എലിക്കുളം എന്നു പേരുള്ള പ്രോജക്ട് സംഘടിപ്പിക്കുന്നത്. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ( കില) , കൃഷി വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫാം ടൂറിസം, വിപണി ഇടപെടൽ തുടങ്ങി കൃഷിയുടെ സമസ്ത മേഖലകളിലുംഉണർവുണ്ടാക്കുന്നതാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പറഞ്ഞു.
തൃശൂർ കിലയിൽ നടന്ന ചടങ്ങിൽ കർഷകർ, ജനപ്രതിനിധികൾ തുടങ്ങിയവർ ആദ്യ ഘട്ട പരിപാടിയിൽ സംബന്ധിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സി. ഇ ഒ . കെ. ബി. മദൻ മോഹൻ അദ്ധ്യക്ഷനായി എലിക്കുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷേർളി അന്ത്യാങ്കുളം, അസിസ്റ്റന്റ് കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, കില ഫാക്കൽട്ടി ഷീബ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കില ഫാക്കൽട്ടിമാരായ അഭിഷേക്, ശ്രീധരൻ നമ്പൂതിരി,അപ്പു അനിതാ മുരളീധരൻ , സി. പി. സുനിൽ ,കെ. യു. സുകന്യ, ഒ. മിറാഷ് സച്ച്ദേവ് തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.