അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി..
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ ഒരാഴ്ച കാലമായി നടന്നു വന്ന വിദ്യാർഥി സമരം
ഒത്തുതീർപ്പായി. കോളേജ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും.
ബുധനാഴ്ച്ച കാഞ്ഞിരപ്പള്ളി ടി ബി യിൽ മന്ത്രിമാരായ വി എൻ വാസവൻ, ഡോ: ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.ഗവർമെന്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പ്രൈവറ്റു സെക്രട്ടറി അഡ്വ.പി . ഷാനവാസ്, പൊലീസ് ചീഫ് കാർത്തിക് , കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ, പി.ടി.എ. പ്രസിഡന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരും ചർച്ചയിൽ പങ്കാളികളായി.
ഒത്തുതീർപ്പു പ്രകാരം കോളേജിൻ്റെ പ്രവർത്തനം തിങ്കളാഴ്ച പുന:രാരംഭിക്കും.കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ശ്രദ്ധ സതീഷിൻ്റെ തുങ്ങിമരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും.പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർത്ഥികളുടെ പേരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കില്ല. കോളേജിലെ പരാതി പരിഹാര സെല്ലിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കും. വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം കാര്യക്ഷമമാക്കും.ഹോസ്സൽ വാർഡനെ തൽസ്ഥാനത്തു നിന്നും മാറ്റുവാൻ അധികാരികളുമായി സംസാരിക്കും .കോളേജിനുള്ളിൽ വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം കാര്യക്ഷമമാക്കുവാനും ഒത്തുതീർപ്പ് യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ മാനേജ്മെൻറ്റിനെ പ്രതിനിധീകരിച്ച് മാനേജർ ഫാദർ മാത്യു പായിക്കാട്ട് പ്രിൻസിപ്പൽ ഡോ: ലില്ലിക്കുട്ടി, ഷെവലിയാർ അഡ്വ.വി സി സെബാസ്റ്റ്യൻ ഡോ: ഇസഡ് വി. ളാഹ പറമ്പിൽ, കോളേജിലെ വിദ്യാർത്ഥികളായ ഹരി, അസ്ന ,നന്ദന, എന്നിവർ ചർച്ചയിൽ പങ്കാളികളായി.
അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയും തൃപ്പൂണിത്തുറ സ്വദേശിനിയുമായ ശ്രദ്ധ സതീഷ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ തുങ്ങി മരിക്കുകയായിരുന്നു.ഇതേ തുടർന്നാണ് വിദ്യാർഥി < സമരവും കോളേജിലേക്ക് എസ് എഫ് ഐ മാർച്ചും നടത്തിയത്.