രാത്രിയിൽ വീട്ടുമുറ്റത്ത് കാട്ടാനകൾ : ജലസംഭരണി തകർത്തു, ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് മണിക്കൂറുകളോളം..

എരുമേലി : രാത്രിയിൽ വീടിന്റെ മുറ്റത്ത് അഞ്ച് കാട്ടാനകൾ. ഭിന്നശേഷിക്കാരിയായ മകളുമായി തനിച്ച് കഴിയുന്ന വീട്ടമ്മ ഭയന്ന് വിറച്ച് രക്ഷ തേടി അയൽവാസികളെ വിളിച്ച് ഉറക്കെ അലമുറയിട്ട് കരഞ്ഞു. ഇരുളിൽ ചിന്നം വിളികളുമായി ജല സംഭരണ ടാങ്കും കൃഷികളും മുള്ളുവേലികളും തകർത്ത ആനകളെ വീടിന്റെ മുറ്റത്ത് നിന്നും തുരത്താൻ നാട്ടുകാർ ബഹളം വെച്ചും പടക്കങ്ങൾ പൊട്ടിച്ചും പണിപ്പെട്ടത് മണിക്കൂറുകൾ. ഒടുവിൽ ആനകൾ തിരികെ കാട് കയറിയത് പുലർച്ചെയോടെ. അതുവരെ ആധിയോടെ കഴിയുകയായിരുന്നു മകളുമായി വീട്ടമ്മ.

എരുമേലി പഞ്ചായത്തിലെ തുമരംപാറ വാർഡിൽ കൊപ്പത്ത് വനാതിർത്തിക്ക് അടുത്ത് താമസിക്കുന്ന ആനക്കല്ലിൽ സോഫിയ്ക്കാണ് ആനകളുടെ ആക്രമണം നേരിടേണ്ടി വന്നത്.

ഭർത്താവ് വിദേശത്ത് ജോലിയിൽ ആയ സോഫി ഓട്ടിസം ബാധിച്ച മകളുമായി വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. വീടിനോട് ചേർന്നുള്ള പറമ്പിൽ ആദ്യം റബർ കൃഷിയായിരുന്നു. ഇത് ആനകൾ നശിപ്പിച്ചതോടെ ജാതി, റംബൂട്ടാൻ, കൊക്കോ തുടങ്ങിയ കൃഷികൾ ആണ് ചെയ്തിരുന്നത്. കഴിഞ്ഞയിടെ ആനകൾ എത്തി കുറച്ചു തൈ മരങ്ങൾ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും എത്തിയ ആനകൾ കൃഷി പൂർണമായും നശിപ്പിക്കുകയായിരുന്നു. കൃഷിയ്ക്ക് വെള്ളം ഒഴിക്കാൻ സ്ഥാപിച്ച പൈപ്പുകളും ടാങ്കും ആനകൾ തകർത്ത നിലയിലാണ്. ആനകൾ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച മുള്ളുകമ്പി വേലികളും ആനകൾ നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് നിന്നും മാറാതെ ഏറെ സമയം ആനകൾ നാശങ്ങൾ സൃഷ്ടിച്ചെന്നും അഞ്ച് ആനകൾ ഉണ്ടായിരുന്നെന്നും വീട് തകർത്ത് ആക്രമിക്കുമോയെന്ന് ഭയന്നിരുന്നെന്നും സോഫി പറഞ്ഞു. ഇവിടെ നിന്നും ഒരു കിലോമീറ്റർ അടുത്തുള്ള കോയിക്കക്കാവ് ഫോറസ്റ്റ് ഓഫീസിൽ നാട്ടുകാർ വിവരം അറിയിച്ചിരുന്നു. എന്നാൽ വനപാലകർ ആരും തന്നെ എത്തിയില്ല. ഒരു ദിവസം കഴിഞ്ഞ് വനപാലകർ എത്തി വിവരങ്ങൾ തിരക്കി മടങ്ങി. ഈ പ്രദേശത്തെ കുടുംബങ്ങൾക്ക് ഇതുവരെ സർക്കാർ പട്ടയം അനുവദിച്ചിട്ടില്ല. വന്യ മൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷി നാശങ്ങൾക്ക് ഇക്കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കപ്പെടുകയാണ്. കഴിഞ്ഞയിടെയായി ഈ മേഖലയിൽ ഒട്ടേറെ പേരുടെ വളർത്തു നായകളെ വന്യ ജീവികൾ ആക്രമിച്ചു കൊന്നു. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞിരുന്ന പത്തോളം തെരുവ് നായകളെ നാളുകളായി കാണാനില്ല. ഇവയെ വന്യ ജീവികൾ കൊന്നു തിന്നെന്ന് സംശയം വ്യാപകമായിട്ടുണ്ട്. വളർത്തു മൃഗങ്ങളെ പിടികൂടി കൊന്നു തിന്നുന്നത് പുലി ആണെന്നാണ് സംശയം. ആനകളും പന്നികളും ഒട്ടേറെ തവണയാണ് ഇവിടെ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത് വനപാലക ഓഫിസ് ഉണ്ടെങ്കിലും വന്യ മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ കഴിയുന്നില്ല. സോളാർ വേലികളും നിരീക്ഷണ ക്യാമറളും സ്ഥാപിക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും അനുകൂല മറുപടി ഇല്ലെന്ന് പൊതു പ്രവർത്തകരും നാട്ടുകാരുമായ തെക്കേമാവുങ്കമണ്ണിൽ മുഹമ്മദ്‌ റാഫി, എ വി അനീഷ് എന്നിവർ പറഞ്ഞു. ഇനിയും ആക്രമണം ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും അടിയന്തിര സുരക്ഷാ നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

error: Content is protected !!