വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുമ്പോൾ മികച്ച നഷ്ടപരിഹാരം നൽകുന്നതിന് ശ്രമിക്കുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്.

മുക്കട∙ നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുമ്പോൾ മികച്ച നഷ്ടപരിഹാരം ലഭിക്കുന്നതിനു പ്രത്യേക നഷ്ടപരിഹാര പാക്കേജ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്. വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് മണിമല വില്ലേജിലെ സ്ഥലം ഉടമകളുടെ ഹിയറിങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2013ലെ സ്ഥലം ഏറ്റെടുക്കൽ നിയമപ്രകാരം മികച്ച നഷ്ടപരിഹാരമാണ് ഇപ്പോൾ ലഭിക്കുന്നത്. സമീപകാലത്ത് കാഞ്ഞിരപ്പള്ളി ബൈപാസിന് സ്ഥലം ഏറ്റെടുത്തപ്പോൾ 1.85 ഏക്കർ സ്ഥലത്തിന് 28 കോടി രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്. എന്നാൽ വിമാനത്താവളത്തിനായി സ്ഥലം നഷ്ടപ്പെടുന്നവർ അതിലും ഗൗരവമായ സാഹചര്യമാണ് നേരിടുന്നത്.

വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ഒതുങ്ങി നിൽക്കുമെന്നായിരുന്നു താൻ അടക്കമുള്ള ജനപ്രതിനിധികൾ പ്രതീക്ഷിച്ചത്. അവസാന ഘട്ടത്തിലാണ് പുറത്തുള്ള സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കണമെന്നു നിർദേശം വന്നത്. വികസന പദ്ധതി നടപ്പാക്കുന്നതിനൊപ്പം ഈ നാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ഡോ. എൻ.ജയരാജ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി.സൈമൺ അധ്യക്ഷത വഹിച്ചു.സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് സർവേ സംഘം, വിമാനത്താവള നിർമാണത്തിന്റെ കൺസൽറ്റന്റ് ആയ ലൂയി ബഗ്ർ സാങ്കേതിക വിഭാഗം പ്രതിനിധി പ്രവീൺ ഗോലിയ, റവന്യു വകുപ്പ് സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ മുഹമ്മദ് ഷാഫി, തഹസിൽദാർ റോസ്ന ഹൈദ്രോസ്, വാല്യുവേഷൻ അസിസ്റ്റന്റ് എം.അരുൺ, അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

വിപണി വിലകുറവ്

വിമാനത്താവള നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം സംബന്ധിച്ചു പാക്കേജ് തയാറാക്കുന്നത് വസ്തുവിന്റെ സമീപ പ്രദേശങ്ങളിൽ 3 വർഷങ്ങളിൽ നടന്നിട്ടുള്ള സമാനമായ ആധാരങ്ങളുടെ വില അടിസ്ഥാനമാക്കിയാണ്. എന്നാൽ കോവിഡ് മൂലം 2 വർഷം കാര്യമായ ഭൂമി ആധാരങ്ങൾ നടന്നിട്ടില്ല. ഇതിനു ശേഷം സാമ്പത്തിക മാന്ദ്യം മൂലവും കാര്യമായ ആധാരങ്ങൾ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ 3 വർഷത്തെ ആധാരം കണക്കാക്കി നഷ്ട പരിഹാര പാക്കേജ് പ്രഖ്യാപിച്ചാൽ സ്ഥലം നഷ്ടപ്പെടുന്നവർക്ക് കടുത്ത നഷ്ടം ഉണ്ടാകും.

സ്ഥലവില കുതിക്കുന്നു

വിമാനത്താവള പദ്ധതി നടപടികൾ മുന്നോട്ടു പോയതോടെ പ്രദേശത്തെ സ്ഥലവില കുതിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. പല ഭാഗത്തും മുൻപ് ഉണ്ടായിരുന്നതിന്റെ 4 മടങ്ങായി സ്ഥല വില ഉയർന്നു. എന്നാൽ ഇതിന്റെ ഗുണം തങ്ങൾക്കു ലഭിക്കില്ലെന്നാണ് സ്ഥലം നഷ്ടപ്പെടുന്നവരുടെ ആശങ്ക. വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കുമെന്ന് കേട്ടതോടെ നല്ലൊരു ശതമാനം സ്ഥലം ഉടമകളും പുരയിടത്തിലെ വൃക്ഷങ്ങൾ വെട്ടിമാറ്റിയെന്ന് ഇവർ പറയുന്നു. ഇനിയും പദ്ധതി നടപ്പായില്ലെങ്കിൽ വലിയ നഷ്ടമാണ് ഉണ്ടാകുകയെന്നും ഇവർ പറയുന്നു.

മണിമല വില്ലേജിൽ 46 ഏക്കർ

വിമാനത്താവള നിർമാണത്തിന് മണിമല വില്ലേജിൽ ചാരുവേലി ഭാഗത്ത് 46 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 20 കുടുംബങ്ങളെ പൂർണമായും നിരവധി കുടുംബങ്ങളെ ഭാഗികമായും ബാധിക്കും. പ്രസിദ്ധീകരിച്ചിട്ടുള്ള സർവേ നമ്പറിലെ മുഴുവൻ സ്ഥലവും ഏറ്റെടുക്കേണ്ടിവരില്ലെന്നും അധികൃതർ അറിയിച്ചു.

സാമൂഹിക ആഘാത പഠനത്തിൽ അപാകതയെന്ന് സ്ഥലം ഉടമകൾ

∙ ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയിലൂടെയും ചെറുവള്ളി എസ്റ്റേറ്റിലൂടെയും കടന്നു പോകുന്ന തോടുകൾ സംബന്ധിച്ചപ റിപ്പോർട്ടിൽ പരാമർശമില്ല.

∙ ചെറുവള്ളി എസ്റ്റേറ്റിൽ മാത്രമുള്ള സവിശേഷ നാടൻ ഇനമായ ചെറുവള്ളി കുള്ളൻ പശുക്കളെപ്പറ്റിയും ഇവയ്ക്ക് സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും റിപ്പോർട്ടിൽ ഇല്ല.

∙ ചെറുവള്ളി എസ്റ്റേറ്റിലെ ആരാധനാലയങ്ങളെപ്പറ്റി പരാമർശമില്ല.

∙ ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ 500 ഏക്കറിൽ അധികം സ്ഥലം പുറമ്പോക്ക് ഉണ്ട്. ഈ സ്ഥലം ഏറ്റെടുത്താൽ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാം. പുറമ്പോക്ക് ഭൂമിയെ കുറിച്ച് പരാമർശം ഇല്ല.

∙ എസ്റ്റേറ്റിനുള്ളിലെ പഞ്ചായത്ത് റോഡ്, 110 കെവി ലൈൻ എന്നിവയെപ്പറ്റി റിപ്പോർട്ടിൽ ഇല്ല.

∙ സ്ഥലം ഉടമകളായ എല്ലാവരെയും ഹിയറിങ് അറിയിച്ചിട്ടില്ല.

∙ വിമാനത്താവളത്തിന്റെ വലുപ്പം, ഘടന തുടങ്ങിയ വിവരങ്ങൾ സാമൂഹികാഘാത പഠനത്തിൽ വ്യക്തമാക്കുന്നില്ല.

∙ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാതെ സമീപത്തെ സ്വകാര്യ വസ്തു ഏറ്റെടുത്ത് വിമാനത്താവളം നിർമിക്കാനാകും.

∙ ജനപ്രതിനിധികളുമായി ബന്ധപ്പെട്ടല്ല സാമൂഹികാഘാത പഠന റിപ്പോർട്ട് തയാറാക്കിയത്. നടപടികൾ സുതാര്യമല്ല.

∙ വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും ഉരഗങ്ങളുടെയും ആവാസ വ്യവസ്ഥ എന്നാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കപ്പെടുന്ന സ്ഥലത്തെപ്പറ്റി സാമൂഹികാഘാത പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഈ സ്ഥലം ഏറ്റെടുക്കുമ്പോൾ ജൈവ വൈവിധ്യങ്ങൾ ഇല്ലാതാകും.

error: Content is protected !!