പമ്പാവാലിയിൽ വീണ്ടും അജ്ഞാതജീവി വളർത്തു നായയെ കടിച്ചുകീറി തിന്നു; പുലിയയെന്ന് നാട്ടുകാർ .. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ..

കണമല : കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർ ദാരുണമായി കൊല്ലപ്പെട്ട കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസം കടുവയെ കണ്ടതിന്റെ ഭീതി വിട്ടുമാറും മുമ്പെ വീണ്ടും പുലിയുടെ ആക്രമണം. ഞായറാഴ്ച രാത്രി കർഷകന്റെ വളർത്തുനായയെ പുലി കൊന്നെന്ന് നാട്ടുകാർ. ഇതോടെ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട നായകളുടെ എണ്ണം 13 ആയി.

ഇന്നലെ സ്ഥലത്തെത്തിയ വനം വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ രോഷാകുലരായി. പതിവ് പ്രഖ്യാപനം നടത്തി മടങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ കയർത്തു. പഴയത് പോലെ ആകില്ലെന്നും ഇത്തവണ ഉറപ്പായും നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറി ശാന്തരായത്.

നാളുകളായി വനം വകുപ്പിനെതിരെ രോഷം ഇരമ്പുകയാണ് നാട്ടുകാരിൽ. വന്യ മൃഗങ്ങളുടെ കാടിറക്കം തടയാതെ വെറും പ്രഖ്യാപനം മാത്രം നടത്തുകയാണ് വനം വകുപ്പെന്ന് ആരോപിച്ച് നാടൊന്നാകെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. ഇന്നലെ പുലർച്ചെയാണ് പമ്പാവാലി
തുലാപ്പള്ളി വട്ടപ്പാറ വയറക്കുന്നേൽ പൊന്നച്ചൻ്റെ വളർത്തുനായ കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്തെ കൂട്ടിൽ ബന്ധിച്ചിരുന്ന നായയുടെ കഴുത്തിൽ കടിച്ച് കൊലപ്പെടുത്തിയ ശേഷം ജഡം ഭക്ഷിക്കാനായി കൊണ്ടുപോകാൻ വലിച്ചിഴച്ചെങ്കിലും കൂടിൻ്റെ ഓടുകൾ ഇളകി വീണതിനാൽ സാധിച്ചില്ല. കൂടിന്റെ കമ്പി വല തകർത്താണ് നായയെ ആക്രമിച്ച് കൊന്നത്. പുലി ആണ് നായയെ ആക്രമിച്ച് കൊന്നതെന്ന് വീട്ടുകാർ പറയുന്നു.

ആഴ്ചകൾക്കു മുന്നെയാണ് സമീപ വീട്ടിലെ നായയെ പുലി കടിച്ചു കൊലപ്പെടുത്തി കൊണ്ടുപോകുന്നത് വീട്ടുകാരൻ നേരിട്ടു കണ്ടത്. ഇപ്പോൾ 13-ാം മത്തെ നായയെയാണ് പുലി കൊണ്ടു പോകുന്നത് എന്ന് വാർഡ് മെംബർ സിബി അഴകത്ത് പറഞ്ഞു. ഒരോ സംഭവത്തിലും ഫോറസ്റ്റുദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷം ക്യാമറ വെയ്ക്കാം, കെണി വെച്ച് പുലിയെ പിടിച്ചോളാം എന്നിങ്ങനെ പ്രഖ്യാപനങ്ങൾ നടത്തി മടങ്ങുമെന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ലന്നും വാർഡ് അംഗം സിബി പറഞ്ഞു. തൊട്ടടുത്ത് കണമലയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ രണ്ട് ജീവൻ പൊലിഞ്ഞതിൻ്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇതുവരെ മോചിതരായിട്ടില്ല. ഇതിന്റെ അടുത്ത ദിവസം തുലാപ്പള്ളി കേരളപ്പാറ ഭാഗത്ത് റബർ തോട്ടത്തിൽ കടുവയുടെ മുന്നിൽ നിന്നും ടാപ്പിംഗ് തൊഴിലാളി ഓടി രക്ഷപെടുകയായിരുന്നു. ഇനിയുമൊരു ജീവൻ പൊലിയാൻ കാത്തിരിക്കാതെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ഇന്നലെ സ്ഥലത്തെത്തിയ ഫോറസ്റ്റുദ്യോഗസ്ഥരോട് പമ്പാവാലി സംരക്ഷണ സമിതി നേതാക്കൾ ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് കൂടു സ്ഥാപിച്ച് പുലിയെ പിടിക്കാം എന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

error: Content is protected !!